തമിഴ് സൂപ്പർ താരം വിജയ് നികുതി വെട്ടിപ്പു നടത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ്. ബിഗില്‍, മാസ്റ്റര്‍ സിനിമകളുടെ പ്രതിഫലത്തിന് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ആദായ നികുതി വകുപ്പ് വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. തൊട്ടുപിന്നാലെ വിജയ് സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് നടിയും വിജയ്-യുടെ സുഹൃത്തുമായ ഖുശ്ബു സുന്ദര്‍ രംഗത്തെത്തി. ബിഗിലിന് പ്രതിഫലതുകയായി 50 കോടിയും മാസ്റ്ററിന് 80 കോടിയുമാണ് വാങ്ങിയതെന്നും രണ്ട് സിനിമകള്‍ക്കും കൃത്യമായി തന്നെ നികുതി അടച്ചിട്ടുണ്ടെന്നും ഖുശ്ബു വ്യക്തമാക്കി. ആദായനികുതി വെട്ടിച്ചെന്ന് ആരോപിച്ച് മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്യെ കസ്റ്റഡിയിലെടുത്തിരുന്നു.
ഏപ്രില്‍ 9 നാണ് മാസ്റ്റര്‍ പുറത്തിറങ്ങുന്നത്. നികുതിയുടെ കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണെന്ന് ഖുശ്ബു പറഞ്ഞു. ക്ലീന്‍ ചിറ്റിന് തൊട്ടുമുമ്പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയ്യുടെ വീട്ടിലെത്തി നിരോധന ഉത്തരവുകള്‍ പിന്‍വലിച്ചിരുന്നു. വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ മുന്‍ റെയ്ഡിനിടെ സീല്‍ വെച്ച ലോക്കറുകളും റൂമുകളും ഡ്രോയറുകളും തുറന്നുകൊടുക്കുകയും ചെയ്തു.