തിരുവനന്തപുരം: സംസ്ഥാനത്ത് 12- പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. കൊച്ചിയില്‍ നിന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഞ്ച് വിദേശ പൌരരെ കൂടാതെ ആറു കാസര്‍ഗോഡുകാരെയും ഒരു പാലക്കാട്ടുകാരനെയുമാണ് കൊറോണ സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 28 - ല്‍ നിന്ന് 40 - ആയി ഉയര്‍ന്നു. ഇതില്‍ മൂന്നുപേര്‍ ചികിത്സ പൂര്‍ത്തീകരിച്ചു.
കൊറോണ സ്ഥിരീകരിച്ച ഏഴു മലയാളികളില്‍ ഒരാള്‍ ഇംഗ്ലണ്ടില്‍ നിന്ന് തിരിച്ചെത്തിയ പാലക്കാട് ജില്ലാക്കാരനാണ്. ബാക്കി ആറു കാസര്‍ഗോഡുകാരില്‍ നാലുപേരുടെ വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അതില്‍ രണ്ടുപേര്‍ യു.എ.ഇ യില്‍ നിന്ന് തിരിച്ചെത്തിയവരാണ്. മറ്റ് രണ്ടുപേര്‍ നിലവില്‍ ചികിത്സയിലുള്ള ഒരു രോഗിയുടെ അടുത്ത ബന്ധുക്കളാണ്. ഇതില്‍ ഇംഗ്ലണ്ടില്‍ നിന്നെത്തിയ പാലക്കാട്ടുകാരനെയും അഞ്ച് വിദേശ പൌരരെയും കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദേശികളില്‍ മുഴുവന്‍ പേരും അറുപതും എണ്‍പതും വയസ്സിനിടയില്‍ പ്രായമുള്ളവരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. നേരത്തെ നിരീക്ഷണത്തിലിരിക്കുന്നതിനിടയില് രക്ഷപ്പെടാന്‍ ശ്രമിച്ച് വിവാദമുണ്ടാക്കിയ ബ്രിട്ടിഷ് പൌരന്റെ പതിനേഴംഗ സംഘത്തില്‍ പെട്ടവരാണ് ഈ അഞ്ചുപേരും.
കേരളത്തിലാകെ ഇപ്പോള്‍ കൊറോണയുമായി ബന്ധപ്പെട്ടു നിരീക്ഷണത്തില്‍ ഉള്ളത് നാല്പത്തി നാലായിരത്തി മുന്നൂറ്റി തൊണ്ണൂറു (44, 390) പേരാണ്. ഇതില്‍ ഇരുന്നൂറ്റി ഇരുപത്തഞ്ചു (225) പേര് മാത്രമാണ് ആശുപത്രികളില്‍ ഉള്ളത്.