ഹൈദരാബാദ്: 'ട്വിറ്റര്‍ പക്ഷിയെ' എണ്ണയില്‍ പൊരിച്ച കോണ്‍ഗ്രസ് നേതാവിനെ സസ്പെന്‍ഡ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ ട്വിറ്റര്‍ പക്ഷിയെ ജീവനോടെ എണ്ണയില്‍ വറുത്ത ജി.വി ശ്രീരാജിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തത്.
ശ്രീരാജിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ട്വിറ്റര്‍ ലോഗോയിലുള്ള പക്ഷിയെയാണ് പൊരിക്കുന്നതെന്ന് ശ്രീരാജിനോടൊപ്പമുള്ള പ്രതിഷേധക്കാര്‍ അവകാശപ്പെടുകയുണ്ടായി. ട്വിറ്റര്‍ പക്ഷിയെന്ന് പറഞ്ഞ് ചത്ത കാടപ്പക്ഷിയെയാണ് സംഘം എണ്ണയില്‍ വറുത്തെടുത്തത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 'ട്വിറ്റര്‍, നിങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്ത് ഞങ്ങളുടെ ട്വീറ്റുകള്‍ നിരുത്സാഹപ്പെടുത്തിയത് വലിയ തെറ്റാണ്. അതുകൊണ്ട് ഇതിനെ(ട്വിറ്റര്‍ പക്ഷി) വറുത്ത് ഗുരുഗ്രാമിലെയും ഡല്‍ഹിയിലെയും ട്വിറ്റര്‍ ആസ്ഥാനങ്ങളിലേക്ക് അയക്കുകയാണ്. ട്വിറ്റര്‍ ഈ വിഭവം ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് ശേഷം പറഞ്ഞത്.
ട്വിറ്റര്‍ പക്ഷിയെന്ന പേരില്‍ പക്ഷിയെ ഉപദ്രവിച്ചത് ശരിയായില്ലെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രതിച്ഛായ തകര്‍ക്കുന്ന നീക്കമാണ് ശ്രീരാജില്‍ നിന്നുമുണ്ടായത്. അതിനാല്‍ ശ്രീരാജിന്റെ പ്രാഥമിക അംഗത്വം സസ്പെന്‍ഡ് ചെയ്യുകയാണെന്നും നേതൃത്വം വ്യക്തമാക്കി.