തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ മണ്ണെടുപ്പ് തടഞ്ഞ സ്ഥലമുടമയെ ജെസിബി-കൊണ്ട് തലയ്ക്കടിച്ചു കൊന്നു. കാഞ്ഞിരവിള ശ്രീമംഗലം വീട്ടിൽ സംഗീത് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. സ്ഥലമുടമയായ സംഗീതിന്‍റെ അനുവാദമില്ലാതെയാണ് സംഘം ജെസിബി-യുമായി മണ്ണെടുക്കാൻ എത്തിയത്. ഇത് ചോദ്യം ചെയ്യാനെത്തിയ സംഗീതിനെ ജെസിബി-യുടെ കൈകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. അടിയേറ്റ സംഗീതിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മണ്ണുമാന്തി യന്ത്രത്തിലുണ്ടായിരുന്ന വിജിനെ പൊലീസ് അറസ്റ്റു ചെയ്തു. നേരത്തെ അനുവാദപ്രകാരം മണ്ണെടുത്ത സംഘം, കരാർ കാലാവധി കഴിഞ്ഞതിനുശേഷവും മണ്ണെടുക്കാൻ ശ്രമിച്ചതാണ് വാക്കേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം കൊല ചെയ്തവരെ അറിയാമെന്ന് സംഗീതിന്‍റെ ഭാര്യ പറഞ്ഞു.