കളമശ്ശേരി: കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിനെ കൊറോണ ചികിത്സയ്ക്കായി പ്രത്യേകം സജ്ജീകരിക്കാന്‍ തീരുമാനിച്ചതായി എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടി ഇവിടെ ഇന്‍ പെഷ്യന്റുകളായി കഴിയുന്നവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ തീരുമാനമായി. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു.
ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സയില്‍ കഴിയുന്നവരെ എറണാകുളം ജനറല്‍ ആശുപത്രി, ആലുവയിലെ ജില്ലാ ആശുപത്രി, കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്രയും പെട്ടന്ന് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.
ഓ.പി വിഭാഗത്തില്‍ സ്ഥിരമായി ഇപ്പോള്‍ ചികിത്സ തേടി ക്കൊണ്ടിരിക്കുന്നവര്ക്ക് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളിലൊ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൊ ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിലെ ചികിത്സാ സംവിധാനങ്ങള്‍ മുഴുവനായി കോറോണാ ബാധിതര്‍ക്കു വേണ്ടി ഉപയോഗിക്കുമെന്ന് എറണാകുളം കലക്ടര്‍ വ്യക്തമാക്കി..