തിരുവനന്തപുരം: കൊറോണയുടെ വ്യാപനം തടയാനായി കേരളം സദാ സമയം യുദ്ധരംഗത്തുതന്നെ നിലയുരപ്പിക്കുമെന്ന സന്ദേശം നല്‍കിക്കൊണ്ട് തലസ്ഥാനത്ത് സര്‍ക്കാര്‍ യുദ്ധമുറി തുറന്നു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് ഡോ. ഇളങ്കോവന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന്റെ സൌത്ത് ബ്ലോക്കില്‍ ആണ് വാര് റൂം പ്രവര്‍ത്തിക്കുന്നത്. 6-ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയാണ് വാര് റൂമിനെ നയിക്കുന്നത്. കൂടാതെ വിവിധ വകുപ്പുകള്‍ നിര്‍ദ്ദേശിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.
വാര് റൂം ഇരുപത്തിനാലു മണിക്കൂറും ഇടതടവില്ലാതെ പ്രവര്‍ത്തിക്കും. കൊറോണയുടെ സമൂഹ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും അത്യാവശ്യ ഘട്ടത്തില്‍ നടപടികള്‍ സ്വീകരിക്കുകയുമാണ് വാര് റൂമിന്റെ പ്രവര്‍ത്തനം.