കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസെടുത്തു. പാലാ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതടക്കമുളള വകുപ്പുകള്‍ ചുമത്തി കുറുവിലങ്ങാട്ട് പൊലീസാണ് കേസെടുത്തത്. ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമര്‍ശത്തിനെതിരെ സെപ്റ്റംബര്‍ 24-ന് ആള് ഇന്ത്യ ഇമാം കൗണ്‍സിലാണ് കുറുവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നുമുണ്ടായില്ല. തുടര്‍ന്ന് ഇമാം കൗണ്‍സില്‍ പാലാ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
സെപ്റ്റംബര്‍ എട്ടിന് കുറുവിലങ്ങാട് മര്‍ത്ത മറിയം ഫെറോന പളളിയില്‍ നടന്ന കുര്‍ബാനക്കിടെയാണ് ജോസഫ് കല്ലറങ്ങാട്ട് കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന ഗുരുതര ആരോപണം ഉന്നയിച്ചത്. ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദുമുണ്ട്. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിപ്പിക്കാനായി വ്യാപക ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നെല്ലാമാണ് പാലാ ബിഷപ്പ് പറഞ്ഞത്. കത്തോലിക്ക സഭയിലെ പെണ്‍കുട്ടികളേയും, ആണ്‍കുട്ടികളേയും ലൗവ്- നര്‍ക്കോട്ടിക്ക് ജിഹാദികള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്നും ആയുധം നല്കി യുദ്ധം ചെയ്യാന്‍ പറ്റാത്തയിടങ്ങളില്‍ മയക്കുമരുന്നുകള്‍ നല്കി യുവാക്കളെ കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേരളത്തില്‍ തീവ്രവാദികളുടെ സ്ലീപിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്‍ ഡിജിപി ലോകനാഥ് ബെഹ്റ പ്രസ്താവനയും ബിഷപ്പ് പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ലവ് ജിഹാദില്ലായെന്ന് വാദിക്കുന്നവര്‍ക്ക് പിന്നില്‍ പ്രത്യേക താത്പര്യമുണ്ടെന്നും ബിഷപ്പ് ആരോപിച്ചിരുന്നു. കുറവിലങ്ങാട് പള്ളിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിവാദ പ്രസംഗം പുറത്തുവിട്ടിരിക്കുന്നത്. ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.