ലക്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫെബ്രുവരി 10- ന് ആരംഭിക്കാനിരിക്കെ ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് യോഗീ മന്ത്രിസഭയില്‍ നിന്ന് മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു. ആയുഷ് വകുപ്പ് മന്ത്രി ധരം സിംഗ് സൈനിയാണ് ഇന്ന് രാജിവെച്ചത്. കൂടെ രണ്ട് എം എല്‍ എ മാരും രാജിവെച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടു മന്ത്രിമാര്‍ രാജിവെച്ചിരുന്നു. തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ, വനം-പരിസ്ഥിതി മന്ത്രി ധാരാ സിംഗ് ചൗഹാന് എന്നിവരാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രാജിവെച്ചത്. ഇവരെല്ലാം തന്നെ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയാണ് ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചന.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ ആറ് എം എല്‍ എമാരും രാജിവെച്ചിട്ടുണ്ട്. റോഷന് ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍, വിനയ് ശാഖ്യ, അവതാര്‍ സിംഗ് ബന്ടാന തുടങ്ങിയവരാണ് പാര്‍ട്ടിവിട്ടത്. ദളിതരോടും പിന്നാക്ക വിഭാഗക്കാരോടും ബിജെപി കാട്ടുന്ന അനീതിയില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിടുന്നത് എന്നാണ് സ്വാമി പ്രസാദ് മൗര്യ പറഞ്ഞത്. ഏതാണ്ട് ഇതേ കാരണം തന്നെയാണ് ബിജെപി വിട്ട മന്ത്രിമാരും എം എല്‍ എ മാരും പറഞ്ഞിരിക്കുന്നത്.
വലിയ ജനസ്വാധീനമുള്ള നേതാവാണ് സ്വാമി പ്രസാദ് മൗര്യ. അദ്ദേഹത്തെ പിന്തുടര്ന്നാണ് മന്ത്രിമാരടക്കം 9 പേര് ബിജെപി വിട്ടത്. മന്ത്രിമാരുടെ കൂട്ടരാജി തെരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപിയുടെ ആത്മവിശ്വാസം വലിയ തോതില്‍ ചോര്‍ത്തിയിട്ടുണ്ട് എന്നാണു വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം തന്നെ പിന്നോക്ക ദളിത് വിഭാഗങ്ങളുടെ സംഘടിത നീക്കവും അഖിലേഷ് യാദവിന്റെ തന്ത്രപരമായ ചുവടുകളും ബിജെപിയെ പരാജയപ്പെടുത്തുമെന്നാണ് വിലയിരുത്തലുണ്ട്.