തിരുവനന്തപുരം: തിരുവനന്തപുരം ശംഖുമുഖത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളോട് ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതായി പരാതി. ശംഖുമുഖം സെന്റ് റോച്ചസ് കോണ്‍വെന്റ് സ്കൂളിലാണ് സംഭവം. നേരത്തെ, ക്ലാസ്മുറിയിലേക്ക് കയറുന്നതിനുമുന്പേ ഹിജാബ് അഴിച്ചുമാറ്റണമെന്നായിരുന്നു സ്കൂളിലെ നിയമം. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തട്ടം ധരിച്ച് വരുന്ന കുട്ടികളെ സ്കൂളില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നും സ്കൂള്‍ ഗേറ്റിനുമുന്നില്‍ വെച്ച് ഹിജാബ് അഴിച്ചുമാറ്റിയാല്‍ മാത്രമേ സ്കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നുളളു എന്നുമാണ് രക്ഷിതാക്കളുടെ ആരോപണം. ഇതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്കൂളിനുമുന്നിലെത്തി പ്രതിഷേധിച്ചു.
സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു വിശദീകരണവും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ സ്കൂളിനുമുന്നില്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ രക്ഷിതാക്കളും പൊലീസുമായി വാക്കുതര്‍ക്കമുണ്ടായി. കര്ണാടകയിലേതിനുസമാനമായ ഹിജാബ് പ്രശ്നമാണ് നടക്കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. എന്നാല്‍ വര്‍ഷങ്ങളായി ക്ലാസുകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി ഇല്ലെന്നും യൂണീഫോമിനുപുറമേ ഹിജാബ് അനുവദിക്കില്ലെന്നുമാണ് സ്കൂള്‍ അധികൃതര്‍ ആദ്യം പറഞ്ഞത്. പിന്നീട് സ്കൂളിന്റെ രണ്ടാംഗേറ്റ് വരെ ഹിജാബ് ധരിച്ച് വരാന്‍ അനുവദിക്കാമെന്നായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ക്ലാസ്മുറികള്ക്കുളളില് ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നതുവരെ പ്രതിഷേധിക്കാനാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും തീരുമാനം. സംഭവത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വസ്ത്രസ്വാതന്ത്ര്യത്തിനുമെതിരായ നടപടികളൊന്നുമെടുത്തിട്ടില്ല എന്നാണ് പ്രധാനാധ്യാപിക നല്കിയ വിശദീകരണം.