തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം വോട്ടുകള്‍ ഉമാ തോമസിന് ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തങ്ങളുടെ വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്ന സിപിഎം അവകാശവാദത്തെ തള്ളിയ പ്രതിപക്ഷ നേതാവ് സിപിഎം അടക്കം എല്ലാവരുടെയും വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട് എന്ന് അവകാശപ്പെട്ടു.
''യുഡിഎഫ് സ്ഥാനാര്‍ഥിക്ക് എല്ലാവരുടെ വോട്ടും കിട്ടിക്കാണും. ബിജെപിയുടെ വോട്ട് കിട്ടിയിട്ടുണ്ട്, കഴിഞ്ഞ പ്രാവശ്യം ട്വന്റി ട്വന്റിക്ക് ചെയ്ത വോട്ട് കിട്ടിയിട്ടുണ്ട്, സിപിഎം വോട്ടും കിട്ടിയിട്ടുണ്ട്. വേണമെങ്കില്‍ തെളിവ് തരാം, അല്ലെങ്കില്‍ 25,000 വോട്ടിന് ജയിക്കുമോ. 25,000 വോട്ടിന് ജയിക്കാനുള്ള ശക്തിയൊന്നും ആ മണ്ഡലത്തില്‍ ഞങ്ങള്‍ക്കില്ല.''-സതീശന് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സംസ്ഥാന സര്‍ക്കാര്‍ ജനവിധി മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ജനവികാരം മനസ്സിലാക്കാതെ മുന്നോട്ട് പോകാമെന്നാണ് ഇനിയും കരുതുന്നതെങ്കില്‍ ആഘാതം പിന്നാലെ വരുമെന്നും പ്രതിപക്ഷ നേതാവ് താക്കീത് ചെയ്തു. ഞാന്‍ ഒരു പടയാളി മാത്രമാണ്, ക്യാപ്റ്റനല്ല. ജനവിരുദ്ധമായ കെ റെയിലുപോലെയുള്ള ഏത് പദ്ധതിയുമായി മുന്നോട്ട് പോയാലും തങ്ങള്‍ ശക്തിയായി എതിര്‍ക്കും. ആ ഉറച്ച നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. സതീശന് പറഞ്ഞു. സാമൂഹികാന്തരീക്ഷം കലുഷിതമാണ്. വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്ന ഒരു സാഹചര്യം കേരളത്തിലെ സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. അതില്‍ നിന്നും പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.