കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയാക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവിലായിരുന്ന എല്‍ദോസ് കുന്നപ്പിളളി എം എല്‍ എ വീട്ടില്‍ തിരിച്ചെത്തി. ഒളിവില്‍പോയി ഒരാഴ്ച്ചയ്ക്കുശേഷമാണ് മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലേക്ക് എല്‍ദോസ് എത്തുന്നത്. ഇന്നലെ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യമനുവദിച്ച പശ്ചാത്തലത്തിലാണ് എംഎല്‍എ സ്വന്തം മണ്ഡലത്തിലേക്ക് തിരിച്ചെത്തിയത്. എല്ലാം ആരോപണങ്ങള്‍ മാത്രമാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും എല്‍ദോസ് കുന്നപ്പിളളി മാധ്യമങ്ങളോട് പ്രതികരിച്ചു.
'കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിരുന്നതിനാല് മാധ്യമങ്ങളോട് പ്രതികരിച്ചില്ല എന്നേയുളളു. മാധ്യമങ്ങളോട് പ്രതികരിക്കേണ്ട എന്നായിരുന്നു ലഭിച്ച നിര്‍ദേശം. കെ പി സി സി നേതൃത്വത്തിന് പറഞ്ഞ തിയതിക്കുളളില്‍ മറുപടി നല്‍കുകയും നിരപരാധിത്വം അറിയിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി നടപടിയെടുക്കാന്‍ പാകത്തിന് കുറ്റമൊന്നും ചെയ്തിട്ടില്ല. ആദ്യമായല്ല ഒരു രാഷ്ട്രീയക്കാരന് ആരോപണങ്ങള്‍ നേരിടുന്നത്. ഇതിനെയെല്ലാം അതിജീവിച്ച് മുന്നേറാനുളള കരുത്തുണ്ട്. ആരെയും ഉപദ്രവിക്കുന്നയാളല്ല ഞാന്‍. അത് കുറച്ചുകാലം കഴിയുമ്പോള്‍ എല്ലാവര്ക്കും ബോധ്യപ്പെടും. നിരപരാധിത്വം തെളിയിക്കപ്പെടുമെന്നാണ് വിശ്വാസം'-എല്‍ദോസ് കുന്നപ്പിളളി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെ വൈകുന്നേരമാണ് കടുത്ത നിബന്ധനകളോടെ എല്‍ദോസ് കുന്നപ്പിളളിക്ക് കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചത്. കേരളം വിട്ടുപോകരുത്, പാസ്പോര്‍ട്ടും മൊബൈലും ഹാജരാക്കണം. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ല, സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യമനുവദിച്ചത്. ശനിയാഴ്ച്ച രാവിലെ തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.