തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വം ആരും സ്വയം പ്രഖ്യപിക്കേണ്ടന്നും അക്കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. എല്ലാവരുടെയും ആവശ്യം പരിഗണിച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കും എന്ന ശശി തരൂര്‍ എം പിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്. ''സ്ഥാനാര്‍ഥിത്വം അവരവര്‍ തീരുമാനിക്കേണ്ട കാര്യമല്ല. ഓരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നതു ശരിയായ രീതിയല്ല, പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്''- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മത്സരിക്കണോ വേണ്ടേ എന്ന് സ്വന്തം നിലയില്‍ ആര്‍ക്കും തീരുമാനത്തിലെത്താന്‍ കഴിയില്ല. അങ്ങനെ അഭിപ്രായമുള്ളവര്‍ അത് പാര്‍ട്ടിയെ അറിയിക്കുകയാണ് വേണ്ടത്. ആര് മത്സരിക്കണമെന്നും ആര് എവിടെ മത്സരിക്കണം എന്നും പാര്‍ട്ടി സംഘടനാപരമായി എടുക്കേണ്ട തീരുമാനമാണ്. സ്വന്തം നിലക്ക് തീരുമാനമെടുക്കാതെ പാര്‍ട്ടി ചര്‍ച്ചയ്ക്ക് വിധേയമായാണ് തീരുമാനമെടുക്കേണ്ടത്- വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേരളാ രാഷ്ട്രീയത്തില്‍ സജീവമാകണമെന്നും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും ഓര്‍ത്തഡോക്സ് സഭാ നേതൃത്വം കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ തരൂരിനോട് വ്യക്തമാക്കിയിരുന്നു. എന്‍ എസ് എസും ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടതിനാലാണ് യുഡിഎഫ് പരാജയപ്പെട്ടത് എന്നും ശശി തരൂര്‍ കേരളത്തിന്റെ പുത്രനാണ് എന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരത്തില്‍ തനിക്ക് പിന്തുണയേറിവരുന്ന സാഹചര്യത്തിലാണ് നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കും എന്ന് ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.