കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ (കുസാറ്റ്) വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ അവധി. ഓരോ സെമസ്റ്ററിലും രണ്ടുശതമാനം അധിക അവധിയാണ് ലഭിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍വ്വകലാശാലയാണ് കുസാറ്റ്. കൊച്ചിയിലെ കുസാറ്റ് ക്യാംപസിലും സര്‍വ്വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാംപസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ അവധിയെടുക്കാം. കുസാറ്റിലെ എസ് എഫ് ഐ യൂണിറ്റ് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ക്ക് ആര്‍ത്തവ അവധി നല്‍കാനുളള തീരുമാനം.
നിലവില്‍ ഓരോ സെമസ്റ്ററിലും 75 ശതമാനം ഹാജര്‍ ഉണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിക്കുകയുളളു. ഹാജര്‍ കുറവുളളവര്‍ വിസിക്ക് അപേക്ഷ സമര്‍പ്പിക്കണം. എന്നാല്‍, കുസാറ്റിലെ പെണ്‍കുട്ടികള്‍ക്ക് 73 ശതമാനം ഹാജര്‍ മതിയെന്നാണ് പുതിയ തീരുമാനം. ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട. അവധി അപേക്ഷ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അടുത്തിടെ, വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്രമണി ത്രിപാഠി സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ആര്‍ത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ആര്‍ട്ടിക്കിള്‍ പതിനാലിന്റെ ലംഘനമാണെന്നും ആര്‍ത്തവ വേദനയെ എല്ലാവരും അവഗണിക്കുകയാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ആര്‍ത്തവ സമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്ത് ഒരാള്‍ അനുഭവിക്കുന്ന വേദനയ്ക്ക് തുല്യമാണെന്ന് യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ നടത്തിയ പഠനത്തെ ഉദ്ദരിച്ച് ശൈലേന്ദ്രമണി ഹര്‍ജിയില്‍ പറയുന്നുണ്ട്.