ഉദ്ഘാടനത്തിന് എന്നെ ഓര്‍ക്കാതിരുന്നതില്‍ പരിഭവമില്ല; ശൈലജയെ വിളിക്കാമായിരുന്നു - ജി സുധാകരന്‍

മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിലേക്ക് ക്ഷണം ലഭിക്കാത്തത്തില്‍ നീരസം പ്രകടമാക്കി മുന്‍ മന്ത്രി ജി സുധാകരന്‍. 'ആദ്യവസാനം മുന്നില്‍ നിന്ന തന്നെ ഓര്‍ക്കാതിരുന്നതില്‍ പരിഭവമില്ല. ഷൈലജ ടീച്ചറെ ഉള്‍പ്പെടുത്താമായിരുന്നു. ജനോപകാരമായ, പൊതു സമൂഹത്തിനു വേണ്ടിയുള്ള വികസനങ്ങളിൽ ഭാഗഭാക്കാവാൻ കഴിഞ്ഞതിനുള്ള ചാരിതാർഥ്യമാണ് തനിക്ക് ഇപ്പോഴുള്ളത്. ചരിത്ര നിരാസം ചില ഭാരവാഹികള്‍ക്ക് ഏറെ ഇഷ്ടപെട്ട മാനസിക വ്യാപാരമാണ്. വഴിയരികിൽ വെക്കുന്ന ഫ്ലെക്സുകളിലല്ല ജനഹൃദയങ്ങളിൽ രൂപപ്പെടുന്ന ഫ്ലെക്സുകളാണ് പ്രധാനം' - ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

60-മത് വര്‍ഷത്തിലേക്ക് നീങ്ങുന്ന അമ്പലപ്പുഴ വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കൽ കോളേജിന്‍റെ ചരിത്രത്തിലെ ആവശ്യാധിഷ്ഠിത വികസനത്തിന്‍റെ ഒരു സുവര്‍ണ്ണ അദ്ധ്യായം ജനുവരി 21 ന് ബഹു: മുഖ്യമന്ത്രി സ: പിണറായി വിജയന്‍ തുറക്കുകയാണ്. പ്രധാന മന്ത്രിയുടെ സ്വാസ്ഥ്യ  സുരക്ഷായോജനാപദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പങ്കാളിത്തത്തോടുകൂടി 173.18 കോടി രൂപ അടങ്കലില്‍ നിര്‍മിച്ച മനോഹരമായ പടുകൂറ്റന്‍ 6 നില മന്ദിരമാണ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

9 സൂപ്പര്‍ സ്പെഷ്യാലിറ്റി വകുപ്പുകളാണ് ഇതില്‍ സംവിധാനം ചെയ്യുന്നത്. കാര്‍ഡിയോളജി, കാര്‍ഡിയോ വാസ്കുലാര്‍ തൊറാസിക് സര്‍ജറി, ന്യൂറോളജി, ന്യൂറോ സര്‍ജറി, യൂറോളജി, ഗ്യാസ്ട്രോ എന്‍ട്രോളജി, നെഫ്രോളജി, പ്ലാസ്റ്റിക് സര്‍ജറി, എന്‍റോ ക്രൈനോളജി എന്നിവയാണവ. 1963 ല്‍ കേരളത്തിൽ സ്ഥാപിച്ച ആദ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളേജായിരുന്നു. ഇത് 1973 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു, കേരളത്തിലെ 4ആമത്തെ മെഡിക്കല്‍ കോളേജ്. ദേശീയപാതയോട് ചേര്‍ന്ന് 150 ഏക്കറിലായി തലയുയര്‍ത്തി മദ്ധ്യ തിരുവിതാംകൂറിന് മൊത്തം ആശ്രയമായി നിൽക്കുന്നു.

ഉദ്ഘാടനം സംബന്ധിച്ച് ചില വിവാദങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നു. ചരിത്ര സത്യങ്ങള്‍ പ്രകാശിക്കുമ്പോള്‍ വിവാദങ്ങള്‍ എന്തിന് ? 2012 ല്‍ ഈ മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനായി ഒരു ഗ്യാപ്പ് അനാലിസിസ് അയക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു. സ്വാഭാവികമായും അന്നത്തെ എം.പി ശ്രീ കെ.സി  വേണുഗോപാലിൻ്റെ ശുപാര്‍ശ കത്തും ഒപ്പം ഉണ്ടായിരുന്നു. 2 വര്‍ഷത്തിന് ശേഷം 2014 ല്‍ ഡല്‍ഹിയില്‍ ആരോഗ്യ സെക്രട്ടറി വിളിച്ചുകൂട്ടിയ ചര്‍ച്ചയില്‍ ഈ റിപ്പോര്‍ട്ട് പരിഗണിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര ജോയിന്‍റ് സെക്രട്ടറി, സംസ്ഥാന ആരോഗ്യ സെക്രട്ടറി ഇളങ്കോവന്‍ ഐ.എ.എസ്, ഇപ്പോഴത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളും  അന്നത്തെ നോഡല്‍ ഓഫീസറും ആയിരുന്ന ഡോ. ടി.കെ.സുമ എന്നിവര്‍ പങ്കെടുത്തു.

അവിടെ 200 ബെഡുകളും 50 ഐ.സി.യു ബഡുകളും 8 ഓപ്പറേഷന്‍ തീയറ്ററുകളും 9 സൂപ്പര്‍ സപെഷ്യാലിറ്റി ഡിപ്പാര്‍ട്ട്മെന്‍റുകളും നിര്‍മിക്കാനുള്ള പ്രോജക്ട് അംഗീകരിച്ചു. ആദ്യം 5 നിലയും പിന്നീട് 6 നിലയും നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. 120 കോടി രൂപ കേന്ദ്രവും 30 കോടി സംസ്ഥാനവും വിഹിതമായി നല്‍കണം. കൂടാതെ ഉപകരണങ്ങള്‍ വാങ്ങാനുള്ള പണം സംസ്ഥാനം നല്‍കണം. ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കേന്ദ്രം 120 കോടിയും ഉപകരണങ്ങള്‍ അടക്കം സംസ്ഥാനം 53.18 കോടിയും അടക്കം മൊത്തം 173.18 കോടി രൂപ ചിലവഴിച്ചു.  

2015 ഡിസംബര്‍ 19 ന് നിര്‍മ്മാണം ടെണ്ടര്‍ ചെയ്തു. 2016 ജൂണില്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ നല്‍കി. എന്നാല്‍ 2016 ഫെബ്രുവരി 20 ന് തന്നെ ശിലാസ്ഥാപനം നടത്തി. നടത്തിയത് കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ നദ്ദയായിരുന്നു (ഇപ്പോൾ ബി ജെ പി  പ്രസിഡന്റ്). ആദ്യ ഘട്ടത്തില്‍ കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരും സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാരും ആയിരുന്നു. 2014 മുതല്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരാണ് . 2016 മെയ് മുതൽ കേരളത്തിൽ എൽ.ഡി.എഫ്  സർക്കാരുമാണ്. നിർമാണ സമയത്തു ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ആയിരുന്നു. വര്‍ക്ക് അവാര്‍ഡ് ചെയ്തതും പണം നല്‍കിയതും പണി പൂര്‍ത്തിയാക്കിയതും എല്‍.ഡി.എഫ് സര്‍ക്കാരാണ്. കോവിഡ് വ്യാപനം മൂലം 2 വര്‍ഷത്തോളം പ്രവൃത്തി പുരോഗമിക്കുന്നതിന് തടസ്സമുണ്ടായി.  

എല്ലാ സര്‍ക്കാരുകളുടെയും കാലത്ത് ഞാന്‍ ഇവിടുത്തെ എം.എല്‍.എയും, പ്രവൃത്തി ആരംഭിച്ച കാലത്ത് പൊതുമരാമത്ത് മന്ത്രിയുമായിരുന്നു. ആദ്യ ഘട്ടങ്ങളില്‍ ശ്രീ കെ.സി.വേണുഗോപാല്‍ എം.എല്‍.എയും പിന്നെ  എം.പിയും ആയിരുന്നു. 2019 മുതല്‍ സ: എ.എം.ആരിഫ് ആണ് എം.പി. കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ സ: എച്ച്.സലാം ആണ് എം.എല്‍.എ. കരാര്‍ ഒപ്പിട്ടതും പണം അനുവദിച്ചതും പണി ധൃതഗതിയില്‍ നടത്തിയതും കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്താണ്.

ആരോഗ്യ മന്ത്രി സ: ഷൈലജ യോടൊപ്പം ഞാന്‍ മുന്നില്‍ ഉണ്ടായിരുന്നെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. നിലവിലെ ഇപ്പോൾ തുറക്കുന്ന സമുച്ചയത്തിന്റെ നിർമ്മാണ വികസന പ്രവർത്തനങ്ങളിൽ മന്ത്രി ഷൈലജ നല്ല താല്പര്യം കാണിച്ചത് പോലെ തന്നെ പറയേണ്ടതാണ്  2007 ജനുവരി 1 ന് ആലപ്പുഴ ടൗണില്‍ ശ്വാസം മുട്ടി കിടന്ന ആലപ്പുഴ മെഡിക്കല്‍ കോളേജിനെ ഇപ്പോളുള്ള വണ്ടാനത്തേക്ക് മാറ്റി സ്ഥാപിച്ചത്.  അന്നത്തെ ആരോഗ്യമന്ത്രി സ: ശ്രീമതി ടീച്ചറും, ബഹു: മുഖ്യമന്ത്രി സ: വി.എസ്സും, മന്ത്രിയും എം.എല്‍.എയുമായ എന്നോടൊപ്പം ഈ ഉദ്യമത്തിൽ പാറപോലെ ഉറച്ചുനിന്നിരുന്നു എന്ന ചരിത്ര സത്യം ഇവിടെ രേഖപ്പെടുത്താതെ വയ്യ. അതിന് മുമ്പ് എത്രയോ സമരങ്ങള്‍ മെഡിക്കല്‍ കോളേജ് വണ്ടാനത്തേക്ക് മാറ്റാനായി നടന്നുവെന്നതും ഓര്‍ത്തുപോകുന്നു. പാര്‍ട്ടി ഭാരവാഹി എന്ന നിലയില്‍ അതിലെല്ലാം ഞാനുമുണ്ടായിരുന്നു.  

ഇതിനായി പ്രവര്‍ത്തിച്ച ചിലരെ പരിപാടിയില്‍ നിന്നും ഒഴിവാക്കി (കെ.സി.വേണുഗോപാല്‍) എന്ന് മാധ്യമങ്ങള്‍ പരാതിപ്പെടുന്നു. ഒഴിവാക്കേണ്ട കാര്യമില്ലായിരുന്നു. ഷൈലജ ടീച്ചറേയും ഉള്‍പ്പെടുത്താമായിരുന്നു. ആദ്യവസാനം മുന്നില്‍ നിന്ന എന്നെ ഓര്‍ക്കാതിരുന്നതില്‍ എനിക്ക് പരിഭവമില്ല. ജനോപകാരമായ, പൊതു സമൂഹത്തിനു വേണ്ടിയുള്ള വികസനങ്ങളിൽ ഭാഗഭാക്കാവാൻ കഴിഞ്ഞതിനുള്ള ചാരിതാർഥ്യമാണുള്ളത്.  ചരിത്ര നിരാസം ചില ഭാരവാഹികള്‍ക്ക് ഏറെ ഇഷ്ടപെട്ട മാനസിക വ്യാപാരമാണ്. അതുകൊണ്ട് ചരിത്രം ഇല്ലാതാകില്ല. അത് തുടര്‍ച്ചയാണ്, പുരോഗമനമാണ്. History is progress അതാണ് ആധുനിക ചരിത്ര മതം.

ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിൽ ഞാൻ പറഞ്ഞിരുന്നു, വഴിയരികിൽ വെക്കുന്ന ഫ്ലെക്സുകളിലല്ല ജനഹൃദയങ്ങളിൽ രൂപപ്പെടുന്ന ഫ്ലെക്സുകളാണ് പ്രധാനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 3 hours ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 1 day ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 1 day ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 1 day ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 2 days ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More