തിരുവനന്തപുരം: ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഇഡി അന്വേഷണം. ലൈഫ് മിഷന് കരാര്‍ ലഭിക്കാന്‍ 4 കോടി 8 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്തത്.
കരാര്‍ ലഭിക്കാന്‍ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി രൂപ ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്നും കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമാണ് ഇ ഡി പറയുന്നത്. കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന് കേസിലെ കോഴ ഇടപാട് ശിവശങ്കര്‍ അറിഞ്ഞുകൊണ്ടാണെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. കോഴ പണം ലഭിച്ചവരില്‍ എം ശിവശങ്കറും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സരിത്തും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
അതേസമയം, കഴിഞ്ഞ മാസം 31 -നാണ് ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ 31ന് ജോലിയില്‍ നിന്നും വിരമിക്കുകയാണെന്നും മറ്റൊരു ദിവസം എത്താമെന്നും ശിവശങ്കര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് എം ശിവശങ്കറിനോട് ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്