ഡല്‍ഹി: 2024-ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തുമെന്ന് എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. എങ്ങനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാം എന്നത് സംബന്ധിച്ച് മറ്റ് കക്ഷികളുമായി തുറന്ന ചര്‍ച്ച നടത്തുമെന്നും രാജ്യത്ത് ജനാധിപത്യം നിലനില്ക്കണമെങ്കില് കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'2024-ല്‍ ജനങ്ങള്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കും. കേന്ദ്രത്തില്‍ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തും. കോണ്‍ഗ്രസാവും അതിനെ നയിക്കുക. ഞങ്ങള്‍ മറ്റ് കക്ഷികളുമായി സംസാരിക്കും. കാരണം, കോണ്‍ഗ്രസ് അധികാരത്തിലെത്തിയില്ലെങ്കില്‍ ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കില്ല'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് പ്രതിപക്ഷ കക്ഷികളുമായി യോഗം ചേരണമെന്നും താന്‍ കോണ്‍ഗ്രസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് ഖാര്‍ഗെയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയിലൂടെ ലഭിച്ച ഊര്‍ജ്ജം കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തണം, പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചുനിന്നാല്‍ 2024-ല്‍ ബിജെപിക്ക് നൂറുസീറ്റ് കടക്കാനാവില്ല. കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് പ്രതിപക്ഷ കക്ഷികളുമായി യോഗം ചേരണം, പ്രതിപക്ഷ ഐക്യ പ്രഖ്യാപനം നടത്തണം. ഏതൊക്കെ സംസ്ഥാനങ്ങളില്‍ ഏത് കക്ഷികളുമായി സഖ്യമുണ്ടാക്കണമെന്നും മത്സരിക്കണമെന്നും തീരുമാനിക്കണം. ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനായി പ്രവര്‍ത്തിക്കാന്‍ തയാറാണ്'- എന്നായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്.