പാറ്റ്ന: ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനെ സി ബി ഐ ചോദ്യംചെയ്തതിനുപിന്നാലെ പ്രതികരണവുമായി മകള്‍ രോഹിണി ആചാര്യ. ലാലുപ്രസാദ് യാദവ് നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഒരാളെയും വെറുതെവിടില്ലെന്നും രോഹിണി ആചാര്യ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.
'പപ്പ നിരന്തരം പീഡിപ്പിക്കപ്പെടുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഒരാളെയും വെറുതെവിടില്ല. നിങ്ങള്‍ എന്റെ അച്ഛനെ നിരന്തരം ബുദ്ധിമുട്ടിക്കുകയാണ്. ഇത് ശരിയല്ല. നിങ്ങള്‍ ചെയ്യുന്നതൊന്നും മറക്കില്ല. ഡല്‍ഹിയെ പിടിച്ചുകുലുക്കാനുളള ശേഷി അദ്ദേഹത്തിന് ഇപ്പോഴുമുണ്ട്. സഹിഷ്ണുതയാണ് ഇപ്പോള്‍ പരീക്ഷിക്കപ്പെടുന്നത്'- രോഹിണി ആചാര്യ ട്വീറ്റ് ചെയ്തു.
2022 ഡിസംബറില്‍ സിംഗപ്പൂരില്‍വെച്ചാണ് ലാലുപ്രസാദ് യാദവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. രോഹിണി ആചാര്യയാണ് ലാലുവിന് വൃക്ക ദാനംചെയ്തത്. അദ്ദേഹത്തെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ താന്‍ അച്ഛനെ പൂര്‍ണ്ണ ആരോഗ്യവാനാക്കി ഇന്ത്യയിലെ ജനങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കുകയാണെന്നും അദ്ദേഹത്തെ നന്നായി നോക്കണമെന്നും രോഹിണി പറഞ്ഞിരുന്നു. നിലവില്‍ ഡല്‍ഹിയില്‍ മകളും എംപിയുമായ മിസ ഭാരതിക്കൊപ്പമാണ് ലാലു താമസിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക