ബംഗളുരു: കര്‍ണാടകയില്‍ കൈക്കൂലിക്കേസില്‍ ഒന്നാംപ്രതിയായ ബിജെപി എംഎല്‍എ മാതല്‍ വിരുപാക്ഷപ്പ അറസ്റ്റില്‍. കര്‍ണാടക ലോകായുക്ത പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് നടപടി. മാര്‍ച്ച് ഏഴിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കര്‍ണാടക സോപ്പ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡ് ചെയര്‍മാനായിരുന്നു മാതല്‍ വിരുപാക്ഷപ്പ. മൈസൂര്‍ സാന്ഡല് സോപ്പ് നിര്‍മ്മിക്കാനുളള സാമഗ്രികള്‍ കൂട്ടത്തോടെ വിതരണം ചെയ്യാനുളള കരാര്‍ നല്കാന് 81 ലക്ഷം രൂപ കൈക്കൂലി ഇടപാട് നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്. വിരുപാക്ഷപ്പയുടെ മകന് പ്രശാന്തിനെ ഇതേകേസില്‍ 40 ലക്ഷം രൂപ കൈക്കൂലിയുമായി ലോകായുക്ത നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തുടര്‍ന്ന് ലോകായുക്ത മാതല്‍ വിരുപാക്ഷപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എട്ടുകോടി രൂപയിലേറെ പിടിച്ചെടുത്തു. വീട്ടില്‍നിന്ന് കണ്ടെത്തിയ പണം അടയ്ക്കാ വിറ്റ് കിട്ടിയതാണെന്നും താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും വിരുപാക്ഷപ്പ പറഞ്ഞിരുന്നു. തന്റെ നാട്ടില്‍ സാധാരണ കര്‍ഷകന്റെ വീട്ടില്‍പ്പോലും അഞ്ചോ ആറോ കോടി രൂപയുണ്ടാവുമെന്നും തനിക്ക് 125 ഏക്കര്‍ ഭൂമിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എംഎല്‍എയ്ക്കുനേരെ ഉയര്‍ന്ന ആരോപണം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്