മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെതിരെ വധഭീഷണി മുഴക്കിയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നും ഇയാള്‍ക്ക് ഒരു ഗ്യാങ്ങുമായി ബന്ധമില്ലെന്നും മുംബൈ പോലീസ് അറിയിച്ചു. പൂനെയിൽ ഹോട്ടൽ നടത്തുന്ന രാഹുൽ തലേകാർ എന്നയാളാണ് അറസ്റ്റിലായത്. "ഇയാൾക്ക് സഞ്ജയ് റൗട്ടിൻ്റെ നമ്പർ ലഭിച്ചത് ഒരു വെബ്സൈറ്റിൽ നിന്നാണ്. അയാളെ ഇപ്പോഴും ചോദ്യം ചെയ്യുകയാണ്. പക്ഷേ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ ഗ്യാങ്ങുമായോ ഇയാൾക്ക് ബന്ധമില്ല" - പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയത് പോലെ വധിക്കുമെന്നാണ് സഞ്ജയ് റാവത്തിന് കഴിഞ്ഞ ദിവസം ലഭിച്ച ഭീഷണി സന്ദേശം. ഡൽഹിയിൽ വെച്ച് കണ്ടാല്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലുമെനും ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സഞ്ജയ് റാവത്ത് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് വധഭീഷണി ലഭിച്ചത്.