ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഇന്ത്യാ സഖ്യം 79 സീറ്റും നേടുമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വാരാണസിയില്‍ മാത്രമാണ് കടുത്ത മത്സരം നടക്കുന്നതെന്നും ബാക്കി എല്ലാ സീറ്റുകളിലും ഇന്ത്യാ സഖ്യം തന്നെ വിജയിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ബിജെപിയുടെ കഥകളെല്ലാം പഴയതായിക്കഴിഞ്ഞു. അവരുടെ വ്യാജ വാഗ്ദാനങ്ങളും വാചകമടിയും കേള്‍ക്കാന്‍ ഇന്ന് ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ല. അതുകൊണ്ട് തന്നെ ബിജെപി ഭയത്തിലാണ്. ജനങ്ങളോട് ഇനി എന്ത് പറയുമെന്ന് പോലും അറിയാന്‍ കഴിയാത്ത തരത്തില്‍ അവര്‍ പേടിച്ചുകഴിഞ്ഞു. ഞാന്‍ ആവര്‍ത്തിച്ചുപറയുകയാണ് ഇന്ത്യാ സഖ്യം യുപിയിലെ 79 സീറ്റുകളും നേടും. കേവലം ഒരു സീറ്റില്‍ മാത്രമാണ് മത്സരം'- അഖിലേഷ് യാദവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, രാജ്യത്ത് നാലാം ഘട്ട വോട്ടെടുപ്പ് മെയ് 13-നാണ് നടക്കുക. ഉത്തര്‍പ്രദേശിലെ ഖേരി, ഷാജഹാന്‍പൂര്‍, സീതാപൂര്‍, ഹര്‍ദോയ്, ധൗരാഹ്റ, മിസ്രിഖ്, ഉന്നാവോ, ഫറൂഖാബാദ്, ഇറ്റാവ, കനൗജ്, കാണ്‍പൂര്‍, അക്ബര്‍പൂര്‍, ബഹ്റൈച്ച് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. മെയ് 20-നാണ് അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. മെയ് 25-ന് ആറാം ഘട്ടവും ജൂണ്‍ ഒന്നിന് ഏഴാം ഘട്ടവും നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.