പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവ്. ഒന്നാം പ്രതി ഹുസൈന് ഏഴുവര്‍ഷം കഠിന തടവും ഒരുലക്ഷത്തി അയ്യായിരം രൂപ പിഴയും കോടതി വിധിച്ചു. രണ്ടാം പ്രതി മരക്കാര്‍, അഞ്ചാംപ്രതി ടി രാധാകൃഷ്ണന്, ആറാംപ്രതി അബൂബക്കര്‍, ഏഴാംപ്രതി സിദ്ദിഖ്, എട്ടാംപ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താംപ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി പി സജീവ്, പതിമൂന്നാം പ്രതി സജീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവര്‍ക്ക് ഏഴുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും അഞ്ഞൂറുരൂപ പിഴയുമാണ് കോടതി വിധിച്ചത്.
പിഴ തുകയുടെ അമ്പത് ശതമാനവും മധുവിന്റെ അമ്മ മല്ലിക്കും സഹോദരിമാര്‍ക്കും നല്‍കണം. കേസില്‍ പതിനാലുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ മണ്ണാര്‍ക്കാട് എസ് സി/ എസ് ടി കോടതി ജഡ്ജി കെ എം രതീഷ്കുമാറാണ് ശിക്ഷ വിധിച്ചത്. പ്രതികളെ ഉടന്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, പരിക്കേല്‍പ്പിക്കല്‍, എസ് സി/എസ് ടി നിയമപ്രകാരമുളള കുറ്റങ്ങള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേസിലെ നാലാംപ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെ കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തരാക്കിയിരുന്നു. മധുവിനെ ആക്രമിക്കുന്ന ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചു എന്നതായിരുന്നു അനീഷിനെതിരായ കുറ്റം. മധുവിനെ കളളനെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നായിരുന്നു അബ്ദുള്‍ കരീമിനെതിരായ കുറ്റം.