ചെന്നൈ: തമിഴ്നാട്ടില്‍ മിഠായി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് വിദ്യാര്‍ത്ഥികളെ തൂണില്‍കെട്ടിയിട്ട് മര്‍ദ്ദിച്ചു. മധുര ജില്ലയിലെ തിരുമംഗലത്തിനടുത്ത് ആലംപട്ടി ഗ്രാമത്തിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കടയുടമയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. കഴിഞ്ഞ മാസം 21-നാണ് സംഭവം നടന്നത്. പ്രശ്നത്തില്‍ ദളിത് സംഘടനകള്‍ ഇടപെട്ടതോടെയാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നത്.
ആലംപട്ടി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ രണ്ട് ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥികള്‍ സന്തോഷ് എന്നയാളുടെ കടയില്‍ മിഠായി വാങ്ങാനെത്തി. സ്കൂളിനുസമീപത്തുതന്നെയുളള ആദി ദ്രാവിഡര്‍ വെല്‍ഫെയര്‍ ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്നത്. ഈ സമയം കടയില്‍ നല്ല തിരക്കുണ്ടായിരുന്നു. തിരക്കിനിടെ വിദ്യാര്‍ത്ഥികള്‍ മിഠായി മോഷ്ടിച്ചുവെന്നാരോപിച്ചാണ് സന്തോഷും ബന്ധുക്കളും അവരെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ ഹോസ്റ്റര്‍ വാര്ഡന് വിജയന് കുട്ടികളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വാര്ഡന് അറിയിച്ചതനുസരിച്ച് വിദ്യാര്‍ത്ഥികളെ ബന്ധുക്കള്‍ കൊണ്ടുപോയി. തിരുമംഗലം വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയില്‍ സന്തോഷിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തെങ്കിലും അറസ്റ്റുണ്ടായില്ല. തുടര്‍ന്നാണ് അബോയിലിഷന് ഓഫ് അണ്‍ടച്ചബിലിറ്റി ഉള്‍പ്പെടെയുളള ദളിത് സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടതും മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നതും.