ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഇന്നലെ (ചൊവ്വാഴ്ച്ച) വൈകുന്നേരം ഡല്‍ഹിയിലെ ഖാര്‍ഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. ഇതൊരു തുടക്കം മാത്രമാണ് എന്നായിരുന്നു കൂടിക്കാഴ്ച്ചയ്ക്കുശേഷമുളള പവാറിന്റെ പ്രതികരണം. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ ഇന്ന് ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരും സന്നിഹിതരായിരുന്നു'- എന്നാണ് ശരത് പവാര്‍ ട്വിറ്ററില്‍ കുറിച്ചത്.
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി പ്രതിപക്ഷം ഒന്നിച്ചുനില്‍ക്കുമെന്നും ശരത് പവാര്‍ ചര്‍ച്ചയ്ക്ക് തയാറായതില്‍ സന്തോഷമുണ്ടെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിനായുളള പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞെന്നും അതിനായാണ് എല്ലാവരും പ്രയത്‌നിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരും കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ തനിക്കുളളുവെന്നും അതിനായാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് നിതീഷ് കുമാര്‍ കൂടിക്കാഴ്ച്ചയ്ക്കുശേഷം പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനായി എല്ലാ നേതാക്കളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അക്കാര്യത്തില്‍ അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും നിതീഷ് പറഞ്ഞിരുന്നു.