തിരുവനന്തപുരം: മുഗള്‍ ചരിത്രവും ഗുജറാത്ത് കലാപവുമുള്‍പ്പെടെ എന്‍സിഇആര്‍ടി സിലബസില്‍നിന്ന് കേന്ദ്രം വെട്ടിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാനുളള കേരളത്തിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഗാന്ധിജിയെ വെടിവെച്ചുകൊന്നതാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ അവര്‍ പറയുന്നത് ഗാന്ധിജി മരിച്ചു എന്നാണ്. അതുപോലെ പരിണാമസിദ്ധാന്തമടക്കം സിലബസില്‍നിന്ന് നീക്കിയിട്ടുണ്ട്. എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ തന്നെയാണ് കേരളത്തിന്റെ തീരുമാനം. കരിക്കുലം കമ്മിറ്റി എടുത്ത തീരുമാനം അന്തിമമായിരിക്കും- വി ശിവന്‍കുട്ടി പറഞ്ഞു.
'എന്‍സിഇആര്‍ടിയുമായി ഒരു MOU (മെമോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) ഉണ്ട്. അതുപ്രകാരം 44 പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. കരിക്കുലം കമ്മിറ്റി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്താണ് ആവശ്യമായ നടപടി സ്വീകരിക്കാന്‍ തീരുമാനമെടുത്തത്. കേരളത്തിന്റെ തീരുമാനം കേന്ദ്രത്തെ അറിയിക്കും. മുഖ്യമന്ത്രിയുമായും വിഷയം ചര്‍ച്ച ചെയ്യും. ചരിത്രത്തെ വളച്ചൊടിക്കാനും മാറ്റാനുമുളള തീരുമാനത്തെ അംഗീകരിക്കാനാവില്ല'- വി ശിവന്‍കുട്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേന്ദ്രം സിലബസില്‍നിന്ന് ഒഴിവാക്കിയ മുഗള്‍ ചരിത്രവും ഗുജറാത്ത് കലാപവുമുള്പ്പെടെയുളള പാഠഭാഗങ്ങളാണ് കേരളം പഠിപ്പിക്കുക. അതിനായി സപ്ലിമെന്ററി പാഠപുസ്തകം അച്ചടിച്ച് പുറത്തിറക്കും. ഇന്നലെ ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് സപ്ലിമെന്ററി പുസ്തകം പുറത്തിറക്കാന്‍ തീരുമാനമെടുത്തത്. ഏത് ക്ലാസിലേക്കാണ് പാഠപുസ്തകം നല്‍കേണ്ടത് എന്ന കാര്യത്തില്‍ അടുത്ത അധ്യായന വര്‍ഷം ആരംഭിക്കുന്നതിനുമുന്പ് തീരുമാനമെടുക്കും.