ഇടുക്കി: ചിന്നക്കനാലില്‍നിന്ന് ഏറെ പരിശ്രമത്തിനൊടുവില്‍ പിടികൂടിയ കാട്ടാന അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടു. ജനവാസമേഖലയില്‍നിന്ന് 26 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് ആനയെ തുറന്നുവിട്ടത്. ശരീരത്തില്‍ ഘടിപ്പിച്ച ജിപിഎസ് കോളവര് വഴി ആനയുടെ നീക്കങ്ങള്‍ വനംവകുപ്പ് നിരീക്ഷിക്കും. മംഗളാദേവി ക്ഷേത്രകവാടത്തിലെത്തിച്ച അരിക്കൊമ്പനെ പൂജ ചെയ്താണ് സ്വീകരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ തേക്കടിയില്‍ എത്തിച്ച അരിക്കൊമ്പനെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. ശരീരത്തില്‍ മുറിവ് കണ്ടെത്തിയതിനാല്‍ ആന്റിബയോട്ടിക് ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.
ആന പൂര്‍ണ്ണ ആരോഗ്യവാനാണെന്നും പൂജ ചെയ്ത് സ്വീകരിച്ചത് വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. മന്നാന്‍ ആദിവാസി വിഭാഗമാണ് ആനയെ പൂജ ചെയ്ത് കാട്ടിലേക്ക് സ്വാഗതം ചെയ്തത്. പുതുതായി ഒരു അതിഥി വരുന്നതുകൊണ്ടാണ് പൂജ ചെയ്തതെന്നും വനംവകുപ്പിന്റെ അനുമതിയോടെയായിരുന്നു പൂജയെന്നും പൂജ ചെയ്ത അരുവി എന്നയാള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഒന്നരദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ശനിയാഴ്ച്ച രാവിലെ 11.55 ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. മയങ്ങിയ ആനയെ അഞ്ചുമണിക്കൂറോളമെടുത്താണ് വാഹനത്തില്‍ കയറ്റിയത്. കോന്നി സുരേന്ദ്രന്, വിക്രം, കുഞ്ചു, സൂര്യന് എന്നീ കുങ്കിയാനകളാണ് പണിപെട്ട് അരിക്കൊമ്പനെ വാഹനത്തിലേക്ക് കയറ്റിയത്.