കൊച്ചി: നടന് ഷെയിന്‍ നിഗത്തിനെതിരെയുള്ള സിനിമ സംഘടനകളുടെ നടപടിയെ വിമര്‍ശിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയം ഇങ്ങനെയായിരുന്നില്ല സംഘടനകള്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്ന് സാന്ദ്ര തോമസ് പറഞ്ഞു. പരാതിയുണ്ടെങ്കില്‍ അത് അസോസിയേഷനുള്ളില്‍ തീരേണ്ട വിഷയമാണ്. ഷെയിന്‍ എഡിറ്റ് കാണണമെന്ന് പറഞ്ഞതില്‍ തെറ്റില്ലെന്നും സംവിധായകരും നിര്‍മ്മാതാക്കളും എഡിറ്റ് കാണാറുണ്ടെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്സില്‍ സംസാരിക്കുമ്പോഴാണ് സാന്ദ്ര തോമസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
എഡിറ്റിംഗ് കാണണമെന്ന് അഭിനേതാക്കള്‍ പറയുന്നതില്‍ തെറ്റില്ല. നിര്‍മ്മാതാക്കള്‍ എടുക്കുന്ന അതെ റിസ്ക് തന്നെയാണ് അഭിനേതാക്കളും എടുക്കുന്നത്. സിനിമ മോശമായാല്‍ അവരുടെ ജീവിതത്തെയും ബാധിക്കും. അസോസിയേഷന് ഇത്തരമൊരു തീരുമാനം എടുത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഷെയിന്‍ നിഗം 26 വയസുള്ള ചെറിയ പയ്യനാണ്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് പൊതുസമൂഹത്തിന് മുന്നിലേക്ക് ആ അഭിനേതാവിനെ ഇട്ടുകൊടുക്കരുതായിരുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു.
ഷെയിന്‍ അയച്ചു എന്നു പറയുന്ന മെയില്‍ വരെ പുറത്തുവന്നു. സോഫിയ പോളിന്റെ മെയിലും പുറത്തുവന്നു. ഇതൊന്നും രഹസ്യമായി സൂക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു അസോസിയേഷന്. നമ്മള് വിശ്വസിച്ച് എങ്ങനെ ഒരു പരാതി കൊടുക്കും? താന്‍ പരാതി കൊടുത്തപ്പോള്‍ സമാനമായ അനുഭവമാണ് ഉണ്ടായത്. അസോസിയേഷനില്‍ പരാതി കൊടുത്ത് 30 മിനിട്സ് കഴിഞ്ഞപ്പോള്‍ പത്രക്കാരുടെ കോളാണ് തനിക്ക് വന്നത്. അസോസിയേഷനില്‍ തീരേണ്ട പ്രശ്നങ്ങള്‍ അവിടെ തന്നെ തീരണമെന്നാണ് താന്‍ കരുതുന്നത് - സാന്ദ്ര തോമസ് വ്യക്തമാക്കി.