തിരുവനന്തപുരം: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി എസ് ജോയിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ആര്‍ക്കിയോളജി വകുപ്പ് കോഡിനേറ്റര്‍ ഡോ. വിനോദിന്‍റെ മൊഴിയും അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും. പരാതിയില്‍ കുറ്റക്കാരാണെന്ന് ആര്‍ഷോ ആരോപിച്ച അഞ്ചുപേരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘത്തലവന്‍ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തനിക്കെതിരെ യാതൊരു തെളിവുമില്ലാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് എന്ന് കഴിഞ്ഞ ദിവസം പി എം ആര്‍ഷോ ആരോപിച്ചിരുന്നു. തെറ്റ് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ ചില മാധ്യമങ്ങള്‍ തയാറായില്ല. അതുകൊണ്ടുതന്നെ കൃത്യതയുള്ള അന്വേഷണമാണ് ആവശ്യമെന്നും അതിനായി ശ്രമിക്കുമെന്നും അദേഹം പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരും അധ്യാപകരുമടങ്ങുന്ന അഞ്ചു പേര്‍ക്കെതിരെ ഇപ്പോള്‍ ആര്‍ഷോയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.
ക്രിമിനല്‍ കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ആര്‍ഷോയ്ക്ക് മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാനായിരുന്നില്ല. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ ആര്‍ഷോ പരീക്ഷകള്‍ പാസായി. ഇന്റേണല്‍, എക്‌സ്റ്റേണല്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല. എന്‍ഐസിയാണ് മാര്‍ക്ക് ലിസ്റ്റ് തയാറാക്കുന്നതെന്നും അവരുടെ സോഫ്റ്റ് വെയറിലെ വീഴ്ച്ചയാണിതെന്നുമാണ് സംഭവത്തെക്കുറിച്ചുളള പ്രിന്‍സിപ്പാളിന്റെ വിശദീകരണം.