ചെന്നൈ: സി ബി ഐ അന്വേഷണത്തിന് നല്‍കിയിരുന്ന പൊതു അനുമതി പിന്‍വലിച്ച് തമിഴ്നാട്. സംസ്ഥാനത്ത് കേസന്വേഷണം നടത്തുന്നതിന് നല്കിയ അനുമതിയാണ് പിന്‍വലിച്ചത്. ഇനിമുതല്‍ സംസ്ഥാനത്ത് എന്തെങ്കിലും അന്വേഷണം നടത്തണമെങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് തമിഴ്നാട് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടിവരും. മന്ത്രി സെന്തില്‍ ബാലാജിയെ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനുപിന്നാലെയാണ് സിബി ഐ അന്വേഷണത്തിന് നല്‍കിയിരുന്ന പൊതുസമ്മതം പിന്‍വലിക്കാന്‍ തമിഴ്നാട് തീരുമാനിച്ചത്. സി ബി ഐയ്ക്കുളള പൊതുസമ്മതം പിന്‍വലിക്കുന്ന പത്താമത്തെ സംസ്ഥാനമാണ് തമിഴ്നാട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
കേരളം, രാജസ്ഥാന്, പശ്ചിമബംഗാള്‍, ചത്തീസ്ഗഡ്, പഞ്ചാബ്, മേഘാലയ, മിസോറാം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പൊതു അനുമതി പിന്‍വലിച്ചിരുന്നു. നിയമപ്രകാരം ഡല്‍ഹിയും കേന്ദ്രഭരണ പ്രദേശങ്ങളും മാത്രമാണ് സി ബി ഐയുടെ അധികാര പരിധിയില്‍ വരുന്നത്. അധികാരപരിധി വ്യാപിപ്പിക്കുന്നതിന് സി ബി ഐയ്ക്ക് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി വാങ്ങണം. ഓരോ കേസിനും അനുമതി നല്‍കുന്നത് ഒഴിവാക്കാനാണ് സംസ്ഥാനങ്ങള്‍ പൊതു അനുമതി നല്‍കിയിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പൊതു അനുമതി പിന്‍വലിക്കുകയാണ്.