കൊച്ചി: പീഡനക്കേസില്‍ നടന് ഉണ്ണി മുകുന്ദന് ആശ്വാസം. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോടതിയെ അറിയിച്ചു. ജസ്റ്റിസ് കെ ബാബുവാണ് സ്റ്റേ ചെയ്തത്.
സിനിമയുടെ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന് ഫ്ളാറ്റില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. 2017 ഓഗസ്റ്റ് 23-ന് നടന്ന സംഭവത്തിൽ സെപ്റ്റംബർ 15 ന് പരാതി നല്‍കിയിരുന്നു. യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടന് പരാതിയില്‍ പറഞ്ഞിരുന്നു.