ചെന്നൈ: തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യംചെയ്യും. ആശുപത്രിയിലെത്തിയാണ് ഇഡി ഉദ്യോഗസ്ഥര്‍ മന്ത്രിയെ ചോദ്യംചെയ്യുക. മന്ത്രിയുടെ ഭാര്യ മേഘലയെയും സഹോദരന് അശോക് കുമാറിനെയും ഇഡി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ സെന്തില്‍ ബാലാജിയെ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. ചെന്നൈ സെഷന്‍സ് കോടതിയാണ് മന്ത്രിയെ എട്ടുദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടത്. ഈ കോടതിവിധി ചോദ്യംചെയ്ത് ബാലാജി ഇന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കും.
ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കില്‍ കൃത്രിമത്വം കാണിച്ചെന്നും പണം വാങ്ങിയാണ് ജോലി നല്‍കിയതെന്നുമാണ് ഇഡി റിപ്പോര്‍ട്ടിലെ ആരോപണം. മന്ത്രിയുടെ അടുത്ത സഹായികളായ ബി ഷണ്മുഖവും എ കാര്‍ത്തികേയനുമാണ് ഇടപാടുകള്‍ നടത്തിയതെന്നും സെന്തില്‍ ബാലാജിയുടെ അക്കൗണ്ടില്‍ 1.34 കോടിയും ഭാര്യയുടെ അക്കൗണ്ടില്‍ 29.55 ലക്ഷവും നിക്ഷേപിച്ചതായി വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
അതേസമയം, മന്ത്രി ഇപ്പോള്‍ കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഹൃദയത്തില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മന്ത്രിയെ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചോദ്യംചെയ്യലില്‍ മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് ഇഡിക്ക് കോടതി നിര്‍ദേശമുണ്ട്.