ചെന്നൈ: പണം വാങ്ങി വോട്ടുചെയ്യുന്നത് സ്വയം വിരല്‍ കൊണ്ട് കണ്ണില്‍ കുത്തുന്നതിനു തുല്യമാണെന്ന് നടന് വിജയ്. നാളത്തെ വോട്ടര്‍മാരാണ് നിങ്ങളെന്നും പണം വാങ്ങി വോട്ടുചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണമെന്നും വിജയ് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. നടന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം പത്ത്- പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് പൊതുവേദിയില്‍ അദ്ദേഹം രാഷ്ട്രീയം പറഞ്ഞത്.
'സ്വന്തം വിരല്‍വെച്ച് കണ്ണില്‍ കുത്തുകയെന്ന് കേട്ടിട്ടുണ്ടോ? അതാണ് ഇപ്പോള്‍ നടക്കുന്നത്. കാശുവാങ്ങി വോട്ടുചെയ്യുന്നതിലൂടെ നമ്മള് അതാണ് ചെയ്യുന്നത്. നാളെയുടെ വോട്ടര്‍മാരാണ് നിങ്ങള്‍. അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതും ഭാവി വോട്ടര്‍മാരായ നിങ്ങള്‍തന്നെയാണ്. ഒരു വോട്ടിന് ആയിരം രൂപ ലഭിക്കുമെന്ന് വിചാരിക്കുക. ഒന്നരലക്ഷം പേര്‍ക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കില്‍ 15 കോടി വേണം. ജയിക്കാന്‍ പതിനഞ്ചുകോടി കൊടുക്കുന്നവര്‍ നേരത്തെ എത്ര സമ്പാദിച്ചുകാണുമെന്ന് ചിന്തിച്ചുനോക്കൂ. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുട്ടികള്‍ക്ക് ഇതെല്ലാം പഠിപ്പിച്ചുകൊടുക്കണം എന്നാണ് ഞാന്‍ കരുതുന്നത്. ഓരോരുത്തരും പണം വാങ്ങി വോട്ടുചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണം'- വിജയ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
വിജയ് പറഞ്ഞത് നല്ല കാര്യമാണെന്നും ആര്‍ക്കും രാഷ്ട്രീയത്തിലേക്ക് വരാമെന്നും മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് പ്രതികരിച്ചു. തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലെ എച്ച്എസ് സി- എസ്എസ്എല്‍സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ ആദ്യ മൂന്നുറാങ്കുകാരെ കണ്ടെത്തി ആദരിക്കുന്ന ചടങ്ങാണ് വിജയ് മക്കള്‍ ഇയക്കം ചെന്നൈയില്‍ സംഘടിപ്പിച്ചത്. 2026-ലെ തമിഴ്നാട് തെരഞ്ഞെടുപ്പാണ് നടന് ലക്ഷ്യമിടുന്നതെന്നും അതിനുവേണ്ടിയാണ് ഇത്തരം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും വിലയിരുത്തുന്നവരുണ്ട്. അതേസമയം, ലോകേഷ് കനകരാജ് ചിത്രം ലിയോ ആണ് വിജയിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.