കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായക്കൂട്ടം ആക്രമിച്ച മൂന്നാംക്ലാസുകാരി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മുഴുപ്പിലങ്ങാട് സ്വദേശി ബാബുവിന്റെ മകള്‍ ജാന്‍വിയാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ മൂന്നുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ജാന്‍വിയുടെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. കുട്ടിയെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുകയല്ലാതെ മറ്റ് വഴികളൊന്നുമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി സവിത പറഞ്ഞു. അടുത്തിടെ മുഴുപ്പിലങ്ങാട്ട് ഭിന്നശേഷിക്കാരനായ പതിനൊന്നുകാരന്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് മൂന്നാം ക്ലാസുകാരിയെ നായ്ക്കള്‍ ആക്രമിച്ച സംഭവവും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായ്ക്കളെയും ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയാണ് തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് പി പി ദിവ്യയ്ക്കുവേണ്ടി സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്.