കൊച്ചി: ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. വ്യാജവാര്‍ത്ത നല്കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പോലീസ് ഷാജനെതിരെ കേസെടുത്തിരുന്നു. ഇതിനുപിന്നാലെ ഒളിവില്‍ പോയ ഷാജന് സ്കറിയ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.
ഷാജന് സ്കറിയ വ്യക്തികളെ അവഹേളിക്കുകയാണെന്ന് പ്രോസിക്യൂഷന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരനെ നിരന്തരം അപമാനിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് വിലയിരുത്തിയ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.