ഇംഫാല്‍: മുസ്ലീം ലീഗ് പ്രതിനിധി സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഘം ഇംഫാലിലെത്തിയത്. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച നേതാക്കള്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുക്കിയുമായും ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോനുമായും കൂടിക്കാഴ്ച്ച നടത്തി. ഒരു ജനതയൊന്നാകെ തെരുവിലാണെന്നും മുസ്ലീം ലീഗ് സംഘം കടന്നുചെല്ലുമ്പോള്‍ കണ്ണീരോടെയാണവര്‍ തങ്ങളെ വരവേറ്റതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാംപുകളിലെ സ്ഥിതി അതീവ ദയനീയമാണെന്നും ഏറെ വേദന തിന്നുകൊണ്ടാണ് അവര്‍ കഴിഞ്ഞുകൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഉറ്റവരും ഉടയവരും ഇല്ലാതായ ആയിരങ്ങളാണ് ക്യാമ്പുകളിലുളളത്. തിരിച്ചുപോയാലും അവര്‍ക്ക് ഒന്നും അവശേഷിക്കുന്നില്ല. എല്ലാം നഷ്ടമായിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ ദയനീയമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടലും പരസ്പരം വിദ്വേഷത്തിലുളള മനസുകളെ ഒന്നിപ്പിക്കലുമാണ് മണിപ്പൂരിലെ പരിഹാരം. എത്രയുംപെട്ടെന്ന് സമാധാനമുണ്ടാകട്ടെ. അതിനായി പ്രാര്‍ത്ഥിക്കാം'- സാദിഖലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സാദിഖലി തങ്ങള്‍, ഇടി മുഹമ്മദ് ബഷീര്‍ എംപി, പി വി അബ്ദുള്‍ വഹാബ് എംപി, ഡോ. എംപി അബ്ദുസമദ് സമദാനി എംപി, നവാസ് ഗനി, ഖുര്‍റം അനീസ് ഉമര്‍ എന്നിവരാണ് മുസ്ലീം ലീഗ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.