ഡല്‍ഹി: വിശാല പ്രതിപക്ഷ സഖ്യത്തിന് പേരിട്ടു. ഇന്ത്യ (Indian National Developmental Inclusive Alliance) എന്നാണ് പേരിട്ടത്. ബംഗളുരുവില്‍ നടന്ന പ്രതിപക്ഷ കക്ഷികളുടെ ഐക്യസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. രാഹുല്‍ ഗാന്ധിയാണ് ഇന്ത്യ എന്ന പേര് നിര്‍ദേശിച്ചതെന്നാണ് വിവരം. പരിപാടിയില്‍ പങ്കെടുത്ത കക്ഷികളെല്ലാം പേര് അംഗീകരിക്കുകയായിരുന്നു.
പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയിലാണ് ചേരുക. എന്‍സിപി (ശരത് പവാര്‍), ശിവസേന (ഉദ്ധവ് താക്കറെ) എന്നീ പാര്‍ട്ടികള്‍ സംയുക്തമായി യോഗത്തിന് ആതിഥ്യം വഹിക്കും. യോഗത്തോടനുബന്ധിച്ച് മുംബൈയില്‍ സംയുക്ത റാലി നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് ഇന്ത്യയുടെ ശബ്ദത്തിനായുളള പോരാട്ടമായതിനാലാണ് ഇന്ത്യ എന്ന പേരുതന്നെ പ്രതിപക്ഷ സഖ്യത്തിനായി തെരഞ്ഞെടുത്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഈ പോരാട്ടം ഇന്ത്യയും എന്‍ഡിഎയും തമ്മിലാണ്. നരേന്ദ്രമോദിയും ഇന്ത്യയും തമ്മിലാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. രാജ്യത്തിന്റെ ഭരണഘടനയെയും ജനങ്ങളുടെ ശബ്ദത്തെയും ഈ മഹത്തായ രാജ്യത്തിന്റെ ആശയത്തെയും ഞങ്ങള്‍ സംരക്ഷിക്കും'-രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്‍ഡിഎയ്ക്കും ബിജെപിക്കും ഇന്ത്യയെ വെല്ലുവിളിക്കാന്‍ കഴിയുമോ എന്നാണ് യോഗത്തിനുശേഷം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചോദിച്ചത്. സി ബി ഐയെയും ഇഡിയെയും ഉപയോഗിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ഒരുമിച്ചുനിന്ന് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുക എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പറഞ്ഞു.