ഭോപ്പാല്‍: ഭരണകക്ഷിയായ ബിജെപി കടുത്ത വെല്ലുവിളി നേരിടുന്നതിനാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഹരിയാനയിലെ നൂഹിലെപ്പോലെ മധ്യപ്രദേശിലും കലാപത്തിന് പദ്ധതിയിടുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. 'മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നൂഹിലേതിന് സമാനമായ വര്‍ഗീയ കലാപങ്ങള്‍ക്ക് സാധ്യതയുണ്ട് കാരണം തങ്ങള്‍ക്കെതിരെ വലിയ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെന്ന് ബിജെപിക്കറിയാം'- ദിഗ് വിജയ് സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഹരിയാനയില്‍ കലാപമുണ്ടായ വഴികള്‍ നോക്കുമ്പോള്‍ മധ്യപ്രദേശിലും അത്തരമൊന്നിന് സാധ്യത ഏറെയാണ്. സംസ്ഥാനത്ത് ബിജെപി വിരുദ്ധ വികാരമുണ്ട്. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നിരവധി അഭിഭാഷകരാണ് നമുക്കൊപ്പം നിന്നത്. ഇന്നും ഇവിടെ ഒരുപാടു പേര് കൂടെയുണ്ട്. ഇത്തവണ നമ്മള് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ'- ദിഗ് വിജയ് സിംഗ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2023 അവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ഇത്തവണ അധികാരം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 2018-ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരു സംഘം കൂറുമാറി ബിജെപിയിലേക്ക് പോയതോടെ ഭരണം നഷ്ടപ്പെടുകയായിരുന്നു.