കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസിലെ വിചാരണാക്കോടതി വിധി ചോദ്യംചെയ്തുളള അപ്പീലുകളില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. പ്രതികളും സര്‍ക്കാരും ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെ കെ രമയും നല്കിയ അപ്പീലുകളിലാണ് കോടതി വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്.
കേസില്‍ ശിക്ഷിക്കപ്പെട്ട 12 പ്രതികള്‍ ശിക്ഷാവിധിക്കെതിരെ നല്കിയ അപ്പീലും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനുവേണ്ടി ക്രൈംബ്രാഞ്ച് ഡി വൈ എസ് പി നല്കിയ അപ്പീലും സിപിഎം നേതാവ് പി മോഹനന് ഉള്‍പ്പെടെയുളളവരെ വെറുതെവിട്ടതിനെതിരെ കെ കെ രമ നല്കിയ അപ്പീലുമാണ് കോടതി പരിഗണിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2012 മെയ് നാലിനാണ് വടകരയ്ക്കടുത്ത് വളളിക്കാട് വെച്ച് ആര്‍എംപി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍നിന്ന് പുറത്തുവന്ന് സ്വന്തം നാടായ ഒഞ്ചിയത്ത് ആര്‍എംപി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചതിലുളള പക തീര്‍ക്കാന്‍ സിപിഎമ്മുകാരായ പ്രതികള്‍ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.