ചെന്നൈ: രാജ്യത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗ് നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി നടന്‍ വിഷ്ണു വിശാല്‍. ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണെന്നും ഭാരതം എന്ന ശരിയായ പേരിലേക്ക് മടങ്ങിപ്പോകുന്നതില്‍ കാലതാമസമുണ്ടായെന്നുമാണ് സേവാഗ് പറഞ്ഞത്. ഇതിനോട് എക്‌സിലൂടെയാണ് വിഷ്ണു പ്രതികരിച്ചത്. 'ഏറെ ബഹുമാനത്തോടെ തന്നെ താങ്കളോട് ചോദിക്കുന്നു, ഇന്ത്യ എന്ന പേര് ഈ വര്‍ഷങ്ങളിലൊന്നും നിങ്ങളില്‍ അഭിമാനം വളര്‍ത്തിയിട്ടില്ലേ'- എന്നാണ് വിഷ്ണു ചോദിച്ചത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന പേരുമാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യുന്നുവെന്നും പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രമേയം കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക .
ഇതിനെ പിന്തുണച്ചാണ് വീരേന്ദര്‍ സേവാഗ് രംഗത്തെത്തിയത്. ടീം ഇന്ത്യ ഏകദിന ലോകകപ്പില്‍ 'ഭാരത്' എന്നെഴുതിയ ജഴ്‌സി ധരിക്കണമെന്ന് വീരേന്ദര്‍ സേവാഗ് പറഞ്ഞു. 'ഒരു പേര് നമ്മില്‍ അഭിമാനമുണ്ടാക്കേണ്ടതാണെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. നമ്മള്‍ ഭാരതീയരാണ്. ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണ്. നമ്മുടെ യഥാര്‍ത്ഥ പേര് 'ഭാരതം' ഔദ്യോഗികമായി തിരികെ ലഭിക്കുന്നതില്‍ കാലതാമസമുണ്ടായെന്നാണ് ഞാന്‍ കരുതുന്നത്. ഈ ലോകകപ്പില്‍ നമ്മുടെ ക്രിക്കറ്റ് താരങ്ങളുടെ നെഞ്ചില്‍ ഭാരതം ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ബിസിസി ഐയോട് അഭ്യര്‍ത്ഥിക്കുന്നു'- എന്നാണ് സേവാഗ് എക്‌സില്‍ കുറിച്ചത്. ജയ് ഷായെ ടാഗ് ചെയ്തായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.