ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാനയില്‍ ആറ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ ധനസഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, ബസുകളില്‍ സൗജന്യ യാത്ര, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, ഭവനരഹിതര്‍ക്ക് വീടുവെക്കാന്‍ 5 ലക്ഷം രൂപ ധനസഹായം, വിദ്യാര്‍ത്ഥികള്‍ക്ക് 5 ലക്ഷം വരെ വിദ്യാഭ്യാസ സഹായം എന്നിവയാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍. തെലങ്കാന ദേശീയോദ്ഗ്രഥന ദിനത്തോടനുബന്ധിച്ച് തുക്കുഗുഡയില്‍ നടന്ന റാലിയിലായിരുന്നു പ്രഖ്യാപനം.
സ്ത്രീകള്‍ക്ക് മാസംതോറും 2500 രൂപ ധനസഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, സൗജന്യ ബസ് യാത്ര എന്നിവയടങ്ങുന്ന മഹാലക്ഷ്മി പദ്ധതി. കര്‍ഷകര്‍ക്കും പാട്ടകൃഷിക്കാര്‍ക്കും വര്‍ഷംതോറും 15,000 രൂപയും കര്‍ഷക തൊഴിലാളികള്‍ക്ക് 12,000 രൂപയും നെല്‍കൃഷിക്ക് 500 രൂപ ബോണസും നല്കുന്ന റൈതു ബറോസ പദ്ധതി, അര്‍ഹരായവര്‍ക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്കുന്ന ഗൃഹജ്യോതി പദ്ധതി, ഭവനരഹിതര്‍ക്ക് വീടുവെക്കാന്‍ ഭൂമിയും 5 ലക്ഷം രൂപയും നല്കുന്ന ഇന്ദിരാമ്മ ഇന്ദ്ലു പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്ക് 5 ലക്ഷത്തിന്റെ വിദ്യാ ബറോസ കാര്‍ഡ് നല്കുന്ന യുവ വികാസം പദ്ധതി, മുതിര്‍ന്ന പൗരന്മാര്ക്ക് 4000 രൂപ മാസാന്ത പെന്‍ഷനും 10 ലക്ഷം രൂപയുടെ രാജീവ് ആരോഗ്യശ്രീ ഇന്‍ഷുറന്‍സും നല്കുന്ന ചെയുത പദ്ധതി എന്നിവയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തെലങ്കാനയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി കോണ്‍ഗ്രസ് ആറ് ഉറപ്പുകള്‍ നല്‍കുന്നുവെന്നും അവ ഓരോന്നും നിറവേറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. തെലങ്കാനയിലെ ഭരണകക്ഷിയായ ബിആര്‍എസ് ബിജെപിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതുതന്നെ കോണ്‍ഗ്രസാണെന്നും തന്റെ പാര്‍ട്ടി നല്കുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന പാര്‍ട്ടിയാണെന്നും ഖാര്‍ഗെ പറഞ്ഞു.