കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു തന്നെ മത്സരിക്കാന്‍ സാധ്യതയെന്ന് ബെന്നി ബെഹനാന്‍ എംപി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വീണ്ടും മത്സരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അക്കാര്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. രാഹുല്‍ മത്സരിക്കുമ്പോള്‍ മാറി നില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലാണ് ബെന്നി ബെഹനാന്‍ എംപി ഇക്കാര്യം പറഞ്ഞത്.
'രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നുതന്നെ മത്സരിക്കണമെന്നാണ് ഞങ്ങളുടെയൊക്കെ ആഗ്രഹം. ഇക്കാര്യം ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറി നില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം. മത്സരത്തില്‍ നിന്ന് സി പി ഐ മാറി നില്‍ക്കണം'- ബെന്നി ബെഹനാന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് മത്സരിക്കുന്നതിനെതിരെ സി പി ഐ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് സഖ്യം രൂപീകരിച്ച പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി സി പി ഐയ്‌ക്കെതിരെ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഒരു കാരണവശാലും രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കരുതെന്നുമാണ് പി സന്തോഷ് കുമാര്‍ എംപി പറഞ്ഞത്.
രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍നിന്നു തന്നെ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ കഴിഞ്ഞ തവണ 20-ല്‍ 19 സീറ്റിലും കോണ്‍ഗ്രസ് ജയിക്കാന്‍ കാരണം രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യമാണെന്നും അദ്ദേഹം വീണ്ടും കേരളത്തില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസിന് 20 സീറ്റും കിട്ടുമെന്നുമാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്.