കോഴിക്കോട്: സമസ്തയുമായി പ്രശ്‌നങ്ങളില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പരസ്യപ്രസ്താവന പാടില്ലെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സാദിഖലി തങ്ങളും ജിഫ്രി തങ്ങളുമെല്ലാം വിഷയത്തില്‍ നിലപാട് പറഞ്ഞുകഴിഞ്ഞതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ് കെ എസ് എസ് എഫിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പിഎംഎ സലാം പറഞ്ഞത് ധാരണയില്ലാതെയാണെന്നും സമസ്തയും ലീഗും തമ്മിലുളള തര്‍ക്കം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'സമസ്തയും ലീഗും തമ്മിലുളള ബന്ധം ദൃഢമാണെന്ന് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും വ്യക്തമാക്കിയതാണ്. ഇപ്പോള്‍ നടക്കുന്ന പ്രസ്താവന യുദ്ധങ്ങള്‍ അവസാനിപ്പിക്കാവുന്നതേയുളളു. അത് അവസാനിപ്പിക്കേണ്ടതുമാണ്. ഇത് സംബന്ധിച്ച പരസ്യപ്രസ്താവനകള്‍ ഇനി തുടരേണ്ടതില്ല. ഇതിലിനി കൂടുതല്‍ ചര്‍ച്ചയും സംസാരവും ആവശ്യമില്ല.'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ പിഎംഎ സലാം നടത്തിയ പരാമര്‍ശം വിവാദമായപ്പോള്‍ ലീഗ് സലാമിനൊപ്പം നിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി തങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശവും വിവാദമായതോടെയാണ് പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന നിലപാട് പി കെ കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്. സാദിഖലി തങ്ങള്‍ എസ്‌കെഎസ്എസ്എഫ് അധ്യക്ഷനായിരുന്ന കാലത്തെ പ്രാധാന്യം നിലവിലെ അധ്യക്ഷന്‍ ഹമീദലി തങ്ങള്‍ക്ക് ഇല്ല എന്നാണ് പിഎംഎ സലാം പറഞ്ഞത്. സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും പറഞ്ഞ കാര്യങ്ങളല്ല വാര്‍ത്തയായി വന്നതെന്നും വ്യക്തമാക്കി പിഎംഎ സലാം രംഗത്തെത്തി.