ചെന്നൈ: കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥന് അറസ്റ്റിലായതിനുപിന്നാലെ ഇഡി ഓഫീസില്‍ വ്യാപക പരിശോധന നടത്തി തമിഴ്നാട് പൊലീസ്. തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ (ഡിവിഎസി) വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇഡിയുടെ മധുരൈ സബ് സോണല്‍ ഓഫീസില്‍ പരിശോധന നടത്തിയത്. ഇന്നലെ വൈകുന്നേരമാണ് മധുരൈ സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥനായ അങിത് തിവാരിയെ കൈക്കൂലി വാങ്ങിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
ദിണ്ടിഗല്‍-മധുര ദേശീയപാതയില്‍ പൊലീസും വിജിലന്‍സും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പണവുമായി അങ്കിത് തിവാരി പിടിയിലായത്. കേന്ദ്രസര്‍ക്കാര്‍ സ്റ്റിക്കര്‍ പതിച്ച മധ്യപ്രദേശ് രജിസ്ട്രേഷനുളള കാര്‍ പരിശോധിച്ചപ്പോഴാണ് പണം കണ്ടെടുത്തത്. കാറിലുണ്ടായിരുന്ന അങ്കിതിനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. പരിശോധനയില്‍ കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് ഇയാള്‍ ഇഡി ഉദ്യോഗസ്ഥനാണ് എന്ന് മനസിലായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ദിണ്ടിഗലിലെ ഒരു ഡോക്ടറില്‍ നിന്ന് വാങ്ങിയ കൈക്കൂലിയാണ് കൈവശമുളളതെന്ന് ഇയാള്‍ സമ്മതിച്ചു. അഴിമതി നിരോധന നിയമപ്രകാരമാണ് അങ്കിത് തിവാരിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസുകള്‍ ഒതുക്കിത്തീര്‍ക്കാനായി ദിണ്ടിഗല്‍ ജില്ലയില്‍ ഇഡി ഉദ്യോഗസ്ഥര്‍ വ്യവസായികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതായി ഡിവിഎസിയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. അങ്കിതിനെ കൂടാതെ എത്ര ഇഡി ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് ഡിവിഎസി അന്വേഷിക്കുന്നത്.