ഹൈദരാബാദ്: നാല് സംസ്ഥാനങ്ങളിലേക്കുളള നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയവെ കോണ്‍ഗ്രസിന് ആശ്വാസമായി തെലങ്കാന. ഒടുവില്‍ പുറത്തുവന്ന കണക്ക് പ്രകാരം 119 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 64 സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 88 സീറ്റിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ബിആര്‍എസ് നാല്‍പ്പത് സീറ്റുകളില്‍ ഒതുങ്ങി. ബിജെപി ഏഴ് സീറ്റിലും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം നാല് സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണ്. രാജസ്ഥാനില്‍ 199 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റുകള്‍ നേടി മുന്നേറുകയാണ്. കോണ്‍ഗ്രസിന് കേവലം 67 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. മധ്യപ്രദേശില്‍ നിലവിലെ കണക്കനുസരിച്ച് ബിജെപിക്ക് 230-ല്‍ 167 സീറ്റും കോണ്‍ഗ്രസിന് 61 സീറ്റുമാണ് ലഭിച്ചിരിക്കുന്നത്.
ഛത്തീസ്ഗഡില്‍ 90-ല്‍ 53 സീറ്റില്‍ ബിജെപിയും 35 സീറ്റില്‍ കോണ്‍ഗ്രസുമാണ് മുന്നിട്ടുനില്‍ക്കുന്നത്. മിസോറാമില്‍ നാളെയാണ് വോട്ടെണ്ണല്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാകുമെന്ന് വിലയിരുത്തിയ തെരഞ്ഞെടുപ്പിലെ പരാജയം ഇന്ത്യാ മുന്നണിക്കും തിരിച്ചടിയാണ്.