ശ്രീഹരിക്കോട്ട: പുതുവത്സര ദിനത്തില്‍ പുതിയ ദൗത്യവുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു. രാവിലെ 9.10-നാണ് എക്സ്പോസാറ്റ് (XPoSat) അഥവാ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റിനെ വഹിച്ചുകൊണ്ട് പിഎസ്എല്‍വി സി 58 റോക്കറ്റ് കുതിച്ചുയര്‍ന്നത്. സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നായിരുന്നു വിക്ഷേപണം.
ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളെ നിരീക്ഷിക്കുക വഴി തമോഗര്‍ത്തങ്ങള്‍ (ബ്ലാക്ക് ഹോളുകള്‍), ന്യൂട്രോണ്‍ സ്റ്റാഴ്സ് തുടങ്ങിയവയെക്കുറിച്ച് പഠിക്കുകയാണ് എക്സ്പോസാറ്റിന്റെ ലക്ഷ്യം. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ ധ്രുവണത്തെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന ആദ്യത്തെ ഉപഗ്രഹമാണ് എക്സ്പോസാറ്റ്. ഭൂമിയില്‍ നിന്ന് 650 കിമി ഉയരത്തിലുളള ഭ്രമണപഥത്തിലേക്ക് എക്സ്പോസാറ്റിനെ പിഎസ്എല്‍വി സി 58 റോക്കറ്റ് സുരക്ഷിതമായി എത്തിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പിഎസ്എല്‍വിയുടെ അറുപതാമത്തെ വിക്ഷേപണമാണിത്. 1993 സെപ്റ്റംബറിലായിരുന്നു ആദ്യ വിക്ഷേപണം. ഐഎസ്ആര്‍ഒയും ബംഗളുരുവിലെ രാമന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഉപഗ്രഹം രൂപകല്‍പ്പന ചെയ്തത്. തിരുവനന്തപുരം പൂജപ്പുര എല്‍ബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിച്ച 'വി സാറ്റ്' ഉള്‍പ്പെടെ പത്ത് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്.