ഹരിദ്വാര്‍: രോഗശാന്തി ലഭിക്കുമെന്ന് അവകാശപ്പെട്ട് ഗംഗാനദിയില്‍ മുക്കിയ ക്യാന്‍സര്‍ ബാധിതനായ കുഞ്ഞിന് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. രക്താര്‍ബുദം ബാധിച്ച അഞ്ചുവയസുകാരന് രവിയെ കുട്ടിയുടെ അമ്മായി സുധയും മറ്റ് രണ്ടുപേരും ചേര്‍ന്ന് തുടര്‍ച്ചയായി അഞ്ച് മിനിറ്റ് ഗംഗാനദിയില്‍ മുക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അമ്മായി സുധയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച്ചയാണ് ഡല്‍ഹി സ്വദേശിയായ സുധ അഞ്ചുവയസുകാരനൊപ്പം ഹരിദ്വാറിലെ 'ഹര് കി പൗരി ഘട്ടി'ലെത്തിയത്. ഗംഗാനദിയില്‍ ദീര്‍ഘനേരം സ്നാനം ചെയ്താല്‍ കുഞ്ഞിന്റെ രക്താര്‍ബുദം ഭേദമാകുമെന്നായിരുന്നു അവരുടെ (അന്ത)വിശ്വാസം. കുഞ്ഞിനെ അഞ്ച് മിനിറ്റോളം സുധ ഗംഗയില്‍ മുക്കിപ്പിടിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ കുഞ്ഞിനെ സ്ത്രീയില്‍ നിന്ന് പിടിച്ചുമാറ്റി പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മൃതദേഹത്തിനരികില്‍ നിന്ന് 'നിങ്ങള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് തുടര്‍ന്നോളൂ, കുട്ടി എഴുന്നേല്ക്കും. ഇതെന്റെ വാക്കാണ്...' എന്ന് സുധ ചിരിച്ചുകൊണ്ട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. മാതാപിതാക്കളുടെ അനുവാദം വാങ്ങിയാണോ സുധ കുട്ടിയെ ഹരിദ്വാറിലേക്ക് കൊണ്ടുവന്നതെന്നോ, കുട്ടി അനാഥനാണോ എന്നും വ്യക്തമല്ലെന്ന് ദി ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.