പാറ്റ്ന: നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ഗവര്‍ണര്‍ രാജേന്ദ്ര അര്ലേര്ക്കരുടെ വസതിയിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും ചേര്‍ന്ന് ബിഹാറില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കും. പുതിയ മന്ത്രിസഭ വൈകുന്നേരം അഞ്ചുമണിയോടെ സത്യപ്രതിജ്ഞ ചെയ്യും. ബിഹാറിലെ മഹാസഖ്യം വിട്ട് നിതീഷ് എന്‍ഡിഎയ്ക്കൊപ്പം പോകുമെന്ന് ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നിതീഷ് കുമാര്‍ രാവിലെ രാജിവയ്ക്കുകയായിരുന്നു.
ബിജെപി എംഎല്‍എമാര്‍ ഇതിനോടകം നിതീഷിനെ പിന്തുണയ്ക്കുന്നതായി കാണിച്ചുളള കത്ത് കൈമാറിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സീറ്റ് പങ്കുവയ്ക്കുന്നതിനെക്കുറിച്ചും ഇരു കക്ഷികള്‍ക്കിടയിലും ധാരണയായിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരാനാണ് ധാരണ. സുശീല്‍ മോദിയും രേണുദേവിയും ഉപമുഖ്യമന്ത്രിമാരാകും. സ്പീക്കര്‍ പദവിയും ബിജെപിയ്ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
243 അംഗങ്ങളുളള ബിഹാര്‍ അസംബ്ലിയില്‍ ആര്‍ജെഡിയ്ക്ക് 79 ഉം, ബിജെപിക്ക് 78-ഉം, ജെഡിയുവിന് 45-ഉം, കോണ്‍ഗ്രസിന് 19 ഉം സി പി ഐ എം എല്ലിന് 12 ഉം സീറ്റുകളാണ് ഉളളത്. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് നാല് സീറ്റും സിപിഎമ്മിനും സിപി ഐയ്ക്കും രണ്ട് സീറ്റ് വീതവും എ ഐ എം ഐ എമ്മിന് ഒരു സീറ്റുമുണ്ട്. ഒരാള്‍ സ്വതന്ത്രനാണ്. ഭരണം ലഭിക്കാന്‍ 122 സീറ്റുകള്‍ വേണം. ബിജെപിയും ജെഡിയുവും ചേര്‍ന്നാല്‍ സീറ്റുകളുടെ എണ്ണം 123 ആകും. ജെഡിയു പിന്മാറുന്നതോടെ മഹാസഖ്യത്തിന്റെ സീറ്റ് 114 ആയി ചുരുങ്ങും.