പത്തനംതിട്ട: ഏഴംകുളം ദേവീക്ഷേത്രത്തിലെ തൂക്കുവഴിപാടിനിടെ എട്ടുമാസം പ്രായമുളള കുഞ്ഞ് തൂക്കില്‍ നിന്ന് താഴെ വീണ സംഭവത്തില്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. ജില്ലാ ശിശു സംരക്ഷണ സമിതിയോടാണ് റിപ്പോര്‍ട്ട് തേടിയത്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പൊലീസിനും നിര്‍ദേശം നല്കി. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. തൂക്കക്കാരന് അടൂര്‍ സ്വദേശി സിനുവിനെ പ്രതിചേര്‍ത്താണ് കേസെടുത്തത്. സിനുവിന്റെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞ് താഴെ വീണത് എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. അപകടം അബദ്ധത്തില്‍ സംഭവിച്ചതാണ് എന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. രക്ഷിതാക്കള്‍ പരാതി നല്കാന് തയ്യാറാകാതിരുന്നതിനാലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം രാത്രി പത്തനംതിട്ടയിലെ ഏഴംകുളം ദേവീക്ഷേത്രത്തിലാണ് അപകടമുണ്ടായത്. എട്ടുമാസം പ്രായമുളള ആണ്‍കുഞ്ഞ് തൂക്കക്കാരന്റെ കയ്യില്‍ നിന്ന് പത്തടിയിലധികം ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. കുഞ്ഞിന്റെ കൈയ്ക്ക് ഒടിവുണ്ട്. മറ്റ് ഗുരുതരമായ പരിക്കൊന്നും ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സിടി സ്കാന്‍ ഫലം തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
സന്താന ഭാഗ്യത്തിനായാണ് തൂക്കം വഴിപാട് നടത്തുന്നത്. കുംഭ ഭരണി കെട്ടുകാഴ്ച്ചയുടെ പിറ്റേന്ന് രാവിലെ ആറുമുതലാണ് വഴിപാട് ആരംഭിക്കുക. ക്ഷേത്രമുറ്റത്ത് ഒരുക്കിയ ഭീമന് ചാടുകളുളള തടിയില്‍ തീര്‍ത്ത തൂക്ക വില്ലിലെ തൂക്കക്കാര്‍ കുഞ്ഞുങ്ങളെ എടുത്ത് ഉയര്‍ത്തുകയും പിന്നീട് രക്ഷിതാക്കള്‍ക്ക് കൈമാറി തൂക്കവില്ല് ക്ഷേത്രത്തിന് വലംവയ്ക്കുകയും ചെയ്യുന്നതാണ് വഴിപാട്.