മലപ്പുറം: കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ കേരളത്തില്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്ക് വലിയ പ്രതീക്ഷകളുണ്ടെന്നും സംസ്ഥാനാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ബിജെപിക്ക് വന്‍ സീറ്റ് നഷ്ടമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യാ മുന്നണി പരസ്പരം മത്സരിക്കുന്നയിടത്തുപോലും ജയിക്കുന്നത് ബിജെപിയല്ലെന്നും അത് പ്രതിപക്ഷ സഖ്യത്തിന് അനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
'പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് അക്കാര്യം വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുകയാണ്. എന്നാല്‍ കേരളത്തില്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലുളളപ്പോള്‍ മുസ്ലീം വിഭാഗത്തിന് എല്ലാ സംരക്ഷണവും നല്‍കിയിട്ടുണ്ട്. ഒരു കരിനിയമവും പാസാക്കിയിട്ടില്ല. ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിച്ച റെക്കോര്‍ഡ് കോണ്‍ഗ്രസിനുണ്ട്. അത് മാത്രം കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചാല്‍ മതി. എന്നാല്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ലെന്ന ആരോപണമാണ് സിപിഎം ഉന്നയിക്കുന്നത്. കോണ്‍ഗ്രസിനെ കുറ്റം പറയേണ്ടത് ബിജെപിയുടെ ആവശ്യമാണ്. അഖിലേന്ത്യാ സാന്നിദ്ധ്യമുളള കോണ്‍ഗ്രസിനേ ബിജെപിയെ നേരിടാന്‍ സാധിക്കൂ. ഇന്ത്യാ മുന്നണി അധികാരത്തില്‍ വരാനാണ് നോക്കേണ്ടത്'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലീഗ് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങള്‍ വെച്ചുമാറിയതിന് പ്രത്യേക കാരണങ്ങളില്ലെന്നും പൊന്നാനി- മലപ്പുറം മണ്ഡലങ്ങള്‍ ഇളകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടി മുഹമ്മദ് ബഷീറും അബ്ദു സമദ് സമദാനിയും പാര്‍ലമെന്റില്‍ ഒഴിച്ചുകൂടാനാകാത്ത വ്യക്തികളാണ്. അതിനാലാണ് വീണ്ടും അവര്‍ക്ക് തന്നെ അവസരം നല്‍കിയത്. പുതിയ ഒരാളെ പരീക്ഷിക്കേണ്ട സമയമല്ലല്ലോ ഇത്.- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.