തൃശൂര്‍: ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വിവാദങ്ങള്‍ തന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് കഥയിലെ യഥാര്‍ത്ഥ നജീബ്. താന്‍ കഥയ്ക്ക് കാരണക്കാരന്‍ മാത്രമാണെന്നും നോവലിന്റെ എല്ലാ ചേരുവകളും ആടുജീവിതത്തിലുണ്ടെന്നും നജീബ് പറഞ്ഞു. എഴുത്തുകാരന്‍ ബെന്യാമിനും സംവിധായകന്‍ ബ്ലെസിയും തന്നോട് എന്തോ ക്രൂരത കാട്ടിയെന്ന തരത്തിലാണ് പലരുടെയും പ്രതികരണമെന്നും എവിടെയും താന്‍ അത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ലെന്നും നജീബ് പറഞ്ഞു.
'എന്റെ പേരില്‍ ആരും ബെന്യാമിനെയോ ബ്ലെസിയെയോ തെറി വിളിക്കുകയോ അപമാനിക്കുകയോ ചെയ്യരുത്. ബെന്യാമിനുമായി വലിയ ഹൃദയബന്ധമാണുളളത്. 2008-ലാണ് ആടുജീവിതം നോവല്‍ പുറത്തിറങ്ങുന്നത്. അന്നുമുതല്‍ ഇന്നുവരെയും അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന ലഭിച്ചിട്ടുണ്ട്. പ്രവാസ ലോകത്ത് എന്നെയും കൂട്ടിക്കൊണ്ടാണ് ബെന്യാമിന്‍ വേദികളില്‍ പോയിരുന്നത്. എന്റെ ജീവിതാനുഭവം തന്നെയാണ് മുഖ്യമായും ആടുജീവിതം കഥയെന്നത് കൊണ്ടാണ് എനിക്ക് ആ പരിഗണന ലഭിച്ചത്. സിനിമ ആയപ്പോഴും ആ സ്‌നേഹത്തിന് ഒരു കുറവുമുണ്ടായിട്ടില്ല'- നജീബ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബ്ലെസിയുമായി നിരവധി തവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും അവര്‍ നിരവധി തവണ ജോലി വാഗ്ദാനം ചെയ്‌തെങ്കിലും താന്‍ അത് നിരസിക്കുകയായിരുന്നെന്നും നജീബ് വ്യക്തമാക്കി. താന്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും അറിയപ്പെടുന്ന ആളായി മാറിയതിന് കാരണം ബെന്യാമിനും ആ കഥയുമാണെന്നും അവര്‍ ഒന്നും തന്നില്ലെങ്കിലും തനിക്കവരെ വെറുക്കാനാവില്ലെന്നും നജീബ് കൂട്ടിച്ചേര്‍ത്തു.