ചേര്‍ത്തല: രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാര്‍. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും കേരളത്തില്‍ യുഡിഎഫ് 20 സീറ്റും നേടുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. ചേര്‍ത്തലയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തില്‍ വരും. രാജ്യത്തെ സംരക്ഷിക്കാന്‍ നിരന്തര പോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്നെ ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കും. രാഹുല്‍ ഗാന്ധിക്കു നല്‍കുന്ന വോട്ട് വയനാടിനുവേണ്ടിയുളളതല്ല. അത് ഇന്ത്യയെ രക്ഷിക്കാനുളള വോട്ടാണ്. എന്തുകൊണ്ട് മത്സരിക്കാന്‍ കര്‍ണാടക തെരഞ്ഞെടുക്കാതെ കേരളം തെരഞ്ഞെടുത്തുവെന്ന് ഞാന്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചിരുന്നു. കേരളം സമാധാനത്തിന്റെ നാടാണ് എന്നാണ് അദ്ദേഹം നല്‍കിയ മറുപടി'- ഡികെ ശിവകുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തവണ രാജ്യത്തെവിടെയും ബിജെപി തരംഗമുണ്ടാകില്ലെന്നും കര്‍ണാടകയില്‍ 20 സീറ്റും കോണ്‍ഗ്രസ് നേടുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷത്തിന് വോട്ട് നല്‍കുന്നത് ബിജെപിക്ക് വോട്ടുകൊടുക്കുന്നതിന് തുല്യമാണെന്നും രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ മുഴുവന്‍ വേട്ടയാടുന്ന ബിജെപി പിണറായി വിജയനെയും കുടുംബത്തെയും തൊടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.